
തിരുവനന്തപുരം: യാത്രക്കാർക്ക് ബസുകളില്‍ കുടിവെള്ളം ലഭിക്കുന്ന പുത്തൻ പദ്ധതിയുമായി കെഎസ്‌ആർടിസി. പുറത്ത് കടകളില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ ഒരു രൂപ കുറഞ്ഞ നിരക്കിലായിരിക്കും യാത്രക്കാർക്ക് ബസിനുള്ളില്‍ കുടിവെള്ളം ലഭിക്കുക.
കെഎസ്‌ആർടിസിയുടെ തന്നെ ഫണ്ടില്‍ നിന്നാണ് ഈ പദ്ധതിക്കുള്ള പണമെടുക്കുന്നത്. സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറാണ് പുതിയ പദ്ധതിയെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ചത്.
ഒരു മാസത്തിനുള്ളില്‍ തന്നെ പദ്ധതി നടപ്പിലാക്കുമെന്ന് കെഎസ്‌ആർടിസി എംഡി പ്രമോജ് ശങ്കർ കേരളകൗമുദി ഓണ്‍ലൈനോട് പറഞ്ഞു. നിലവില്‍ ഒരു കമ്ബനിക്കും കരാർ നല്‍കിയിട്ടില്ല. കരാർ ഏറ്റെടുക്കുന്ന കമ്ബനിയോട് തങ്ങള്‍ നിർദേശിക്കുന്ന പേരില്‍ കുപ്പിവെള്ളം നിർമിച്ച് നല്‍കാനാകും കെഎസ്‌ആർടിസി നിർദേശിക്കുക. ഇതിനായുള്ള നടപടികള്‍ ഉടൻ ആരംഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യഘട്ടത്തില്‍ ദീർഘദൂര ബസുകളിലാകും കുപ്പിവെള്ളം നല്‍കിത്തുടങ്ങുക. അധികം വൈകാതെ തന്നെ എല്ലാ റൂട്ടിലെയും ബസുകളില്‍ കുപ്പിവെള്ളം ലഭിച്ചുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ‘KL 15’ ആണ് കെഎസ്‌ആർടിസി ബസുകളുടെ രജിസ്‌ട്രേഷൻ നമ്ബർ. അതിനാല്‍ കുപ്പിവെള്ളത്തിനും ഇതേ പേര് തന്നെ നല്‍കാമെന്ന കാര്യം പരിഗണിക്കുകയാണെന്നും പ്രമോജ് ശങ്കർ പറഞ്ഞു. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
വെള്ളക്കുപ്പികള്‍ വില്‍പ്പന തുടങ്ങുന്നതോടെ എല്ലാ ബസുകള്‍ക്കുള്ളിലും വേസ്റ്റ് ബിൻ സ്ഥാപിക്കും. നിലവില്‍ ദീർഘദൂര ബസുകളില്‍ മാത്രമാണ് വേസ്റ്റ്‌ബിൻ സ്ഥാപിച്ചിട്ടുള്ളത്. മാലിന്യം കെഎസ്‌ആർടിസി തന്നെ കൃത്യമായി നിർമാർജനം ചെയ്യുമെന്നും കെഎസ്‌ആർടിസി എംഡി പറഞ്ഞു. കൂടാതെ ഈ പദ്ധതിയിലൂടെ ഡ്രൈവർക്കും കണ്ടക്‌ടർക്കും ലാഭം ലഭിക്കും. ഒരു കുപ്പി വെള്ളം വില്‍ക്കുമ്ബോള്‍ കണ്ടക്‌ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയുമാണ് ലഭിക്കുക.



