play-sharp-fill
എംപാനൽ ജീവനക്കാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു: കൺട്രോളിംഗ് ഇൻസ്‌പെക്ടറെ മർദിച്ചതായി ആരോപിച്ച് രണ്ടു എംപാനലുകാർ പൊലീസ് കസ്റ്റഡിയിൽ: കസ്റ്റഡിയിൽ എടുത്തവരെ പൊലീസ് മർദിച്ചതായും ആരോപണം

എംപാനൽ ജീവനക്കാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു: കൺട്രോളിംഗ് ഇൻസ്‌പെക്ടറെ മർദിച്ചതായി ആരോപിച്ച് രണ്ടു എംപാനലുകാർ പൊലീസ് കസ്റ്റഡിയിൽ: കസ്റ്റഡിയിൽ എടുത്തവരെ പൊലീസ് മർദിച്ചതായും ആരോപണം

സ്വന്തം ലേഖകൻ


കോട്ടയം: പിരിച്ചു വിടപ്പെട്ട എം.പാനൽ ജീവനക്കാരുടെ പ്രതിഷേധത്തിനിടെ കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ സംഘർഷം. എംപാനൽ ജീവനക്കാരെ കൺട്രോള്ിംഗ് ഇൻസ്‌പെക്ടർ മർദിച്ചതായി ആരോപിച്ച് ഒരു വിഭാഗം ജീവനക്കാർ കൺട്രോളിഗ് ഇൻസ്‌പെക്ടർ ഓഫിസ് ഉപരോധിച്ചു. ഇതിനിടെ കൺട്രോളിംഗ് ഇൻസ്‌പെക്ടർമാരും പൊലീസും എംപാനലുകാരനെ മർദിച്ചതായി ആരോപണം ഉയർന്നു. സംഘർഷത്തിനിടെ എംപാനൽ ജീവനക്കാരായ രാജീവ്, നിഷാദ് എന്നിവരെ വെസ്റ്റ് സിഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു. 
തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർമാരുടെ ഓഫിസിനു മുന്നിലായിരുന്നു അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. എംപാനൽ ജീവനക്കാരായ രാജീവും, നിഷാദും കൺട്രോളിംഗ് ഇൻസ്‌പെക്ടറും സിഐടിയു യൂണിയൻ നേതാവുമായ കെ.കെ പ്രസാദുമായി തങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനെത്തി. ഇതിനിടെ രണ്ടു കൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമായി. ഇതിനിടെ സിഐടിയു പ്രവർത്തകരും കൺട്രോളിംഗ് ഇൻസ്‌പെക്ടർമാരും ചേർന്ന തങ്ങളെ മർദിച്ചതായി ആരോപിച്ച് എംപാനൽ ജീവനക്കാർ കൺട്രോളിംഗ് ഇൻസ്‌പെക്ടർ ഓഫിസ് ഉപരോധിച്ചു. ഇതിനിടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘവും രാജീവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസുകാരും രാജീവും തമ്മിലും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പൊലീസുകാർ രാജീവിനെ മർദിച്ചതായി ആരോപിച്ചും ഒരു വിഭാഗം പ്രവർത്തകർ ഓഫിസ് ഉപരോധിച്ചു. തുടർന്ന് കൂടുതൽ പൊലീസുകാർ സ്ഥലത്ത് എത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തേക്കും.