
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നവീകരണത്തിനായി സർക്കാർ നല്കിയ പിന്തുണ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ എൻ ബാലഗോപാല്‍. സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് പ്രസംഗത്തിനിടെയാണ് 2021 മുതല്‍ 2026 വരെയുള്ള കാലയളവില്‍ കേരള സർക്കാർ കെഎസ്ആർടിസിയുടെ നവീകരണത്തിനായി നല്‍കിയിട്ടുള്ള സഹായങ്ങള്‍ മന്ത്രി വിശദീകരിച്ചത്.
ഈ കാലയളവിനിടെ കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകള്‍ വാങ്ങിയെന്നാണ് മന്ത്രി അറിയിച്ചത്. ഇതില്‍ 134 എണ്ണം കെഎസ്ആർടിസിക്കും 528 എണ്ണം സ്വിഫ്റ്റിനുമായാണ് വാങ്ങിയത്. കാലപ്പഴക്കം ചെന്ന ബസുകളെ പൊളിച്ചുനീക്കി. പുതിയ ബിഎസ് സിക്സ് ബസുകള്‍ വാങ്ങുന്നതിനായി നല്കുന്ന സർക്കാർ വിഹിതം 127 കോടി രൂപയായി വർദ്ധിപ്പിക്കുകയാണെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
കെഎസ്ആർടിയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകർഷിക്കാനും പ്രതിമാസ പ്രവർത്തന നഷ്ടം കുറയ്ക്കുന്നതിനും വലിയ ചുവടുവയ്പ്പുകളാണ് വകുപ്പില്‍ നിന്ന് ഉണ്ടാകുന്നത്. ഇവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി മികച്ച ബസുകള്‍ എത്തിക്കുകയും വർക്ക്ഷോപ്പ്, ഡിപ്പോകള്‍ എന്നിവയുടെ ആധുനികവല്‍ക്കരണത്തിനുമായി 45.72 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തുകയാണെന്നും മന്ത്രി ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്ആർടിസിയെ ഇ – ഗവേണൻസ് പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള ഹാർഡ്വെയർ പരിഷ്കരണങ്ങള്‍ക്കായി 12 കോടി രൂപയും ബഡ്ജറ്റില്‍ അനുവദിച്ചിട്ടുണ്ട്. മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം, ചങ്ങനാശേരി, കൊട്ടാരക്കര, കായംകുളം, ചെങ്ങന്നൂർ, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലെ കെഎസ്ആർടിസി ഡിപ്പോകളുടെ നവീകരണ പ്രവർത്തികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു.



