
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ വീണ്ടും ട്രാവൽകാർഡ്. എല്ലാത്തരം ഓൺലൈൻ ഇടപാടുകളും സാധ്യമായ ടിക്കറ്റ് മെഷീനുകൾ ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്. 100 രൂപയാണ് കാർഡിന്റെ വില. ഡിപ്പോകളിൽനിന്നോ കണ്ടക്ടർമാരിൽനിന്നോ കാർഡ് വാങ്ങാം. 50 രൂപ മുതൽ 2000 രൂപവരെ ചാർജ്ജ് ചെയ്ത് ഉപയോഗിക്കാം. ഉടമതന്നെ ഉപയോഗിക്കണമെന്നില്ല ആർക്കുവേണേലും കൈമാറി ഉപയോഗിക്കാം. യാത്രക്കാർക്ക് ഇതുകൊണ്ടുള്ള സാമ്പത്തികമെച്ചം എന്താണെന്ന് പ്രഖ്യാപിച്ചിട്ടില്ല.
എന്തെങ്കിലും സാങ്കേതിക തകരാറുമൂലം കാർഡ് പ്രവർത്തനക്ഷമമല്ലെങ്കിൽ അപേക്ഷ നൽകിയാൽ രണ്ടുദിവസത്തിനുള്ളിൽ പുതിയ കാർഡ് കിട്ടും. പൊട്ടുകയോ ഒടിയുകയോ ചെയ്താൽ മാറ്റി നൽകില്ല. ബസിനുള്ളിൽ കാർഡ് റീ ചാർജ്ജ് ചെയ്യാം. ഒരു കാർഡ് വിറ്റാൽ 10 രൂപ കണ്ടക്ടർ കമ്മിഷൻ ലഭിക്കും.
പുതിയ ടിക്കറ്റ് മെഷീനുകൾ ആറു ജില്ലകളിൽ വിതരണം ചെയ്തിട്ടുണ്ട്. രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനത്ത് വിതരണം പൂർത്തിയാകും.