play-sharp-fill
കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍വശത്തെ ഗ്ലാസ് പൊട്ടി ബസിനുള്ളില്‍ നിന്ന് വിദ്യാര്‍ത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവം: സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്

കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍വശത്തെ ഗ്ലാസ് പൊട്ടി ബസിനുള്ളില്‍ നിന്ന് വിദ്യാര്‍ത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവം: സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്

തിരുവനന്തപുരം: റോഡിലെ കുഴിയില്‍ വീണ കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍വശത്തെ ഗ്ലാസ് പൊട്ടി ബസിനുള്ളില്‍ നിന്ന് വിദ്യാര്‍ത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു.

നിര്‍മ്മാണം നടക്കുന്ന ദേശീയപാത 66ല്‍ പള്ളിപ്പുറം ഡിജിറ്റല്‍ സര്‍വകലശാലക്ക് മുന്നില്‍ തിങ്കളാഴ്ച വൈകുന്നേരം നാലരക്കുണ്ടായ അപകടത്തില്‍ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥി പി. നവനീത് കൃഷ്ണക്കാണ് പരിക്കേറ്റത്.


തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥി. ബസ് റോഡിലെ കുഴിയില്‍ വീണതും പിന്നിലെ ഗ്ലാസ് പൊട്ടി വിദ്യാര്‍ത്ഥി പുറത്തേക്ക് തെറിക്കുകയായിരുന്നു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി നിയോഗിക്കുന്ന ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത പോലീസുദ്യോഗസ്ഥന്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം പറ്റിയ കുട്ടിയുടെയും ബസിലുണ്ടായിരുന്ന സഹപാഠികളുടെയും മൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപെടുത്തണം. ബസിലെ ജീവനക്കാരുടെ സ്റ്റേറ്റുമെന്റ്, കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മൊഴി എന്നിവ സമര്‍പ്പിക്കണം.അപകടം സംഭവിച്ച ബസിന്റെ പിന്‍ഭാഗത്ത്, സുരക്ഷക്കായി വയ്ക്കാറുള്ള ഇരുമ്പ് കമ്പി ഉണ്ടായിരുന്നില്ലെന്ന പരാതിയും അന്വഷിക്കണം.

റോഡിലെ അപകട കുഴികള്‍ നികത്താത്തതും റോഡ് അറ്റകുറ്റപണി യഥാസമയം നടത്താത്തതും സംബന്ധിച്ച് പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ നിയോഗിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ അന്വേഷണം നടത്തണം. റോഡിലെ ശോചനീയാവസ്ഥ എത്രനാളായി തുടരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. റോഡിന്റെ ഇപ്പോഴത്തെ സ്ഥിതി, കുഴികളുടെ എണ്ണം, ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കാന്‍ എത്ര കാലയളവ് വേണം, റോഡിന്റെ മേല്‍നോട്ട ചുമതല ആര്‍ക്കാണ് തുടങ്ങിയ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാവണം.

റിപ്പോര്‍ട്ട് 3 ആഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം. ഒക്ടോബര്‍ 11 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ സിറ്റിംഗില്‍ നേരിട്ട് ഹാജരാകണം. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.