play-sharp-fill
സർവീസുകൾ താളം തെറ്റി: തിരുവനന്തപുരം സർവീസ് പാതിവഴിയിൽ അവസാനിപ്പിച്ച് കെ.എസ്.ആർ.ടി.സി; 20 ശതമാനം സർവീസ് കുറയ്ക്കണമെന്ന ഉത്തരവുമായി എംഡി

സർവീസുകൾ താളം തെറ്റി: തിരുവനന്തപുരം സർവീസ് പാതിവഴിയിൽ അവസാനിപ്പിച്ച് കെ.എസ്.ആർ.ടി.സി; 20 ശതമാനം സർവീസ് കുറയ്ക്കണമെന്ന ഉത്തരവുമായി എംഡി

സ്വന്തം ലേഖകൻ

കോട്ടയം: കെഎസ്ആർടിസിയുടെ സർവീസുകൾ അവതാളത്തിലാക്കി അതിരൂക്ഷമായ ഡീസൽ പ്രതിസന്ധി. തിരുവനന്തപുരം സർവീസുകൾ കൊട്ടാരക്കരയിലും, കൊല്ലത്തും അവസാനിപ്പിക്കാൻ നിർദേശിച്ചതോടെ എംസി റോഡിൽ എറണാകുളം – തിരുവനന്തപുരം റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷമായി. ഇതിനിടെ 20 ശതമാനം സർവീസുകൾ യുക്തി സഹമായ രീതിയിൽ വെട്ടിക്കുറയ്ക്കാനുള്ള തന്റെ നിർദേശം ഒരു വിഭാഗം അട്ടിമറിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയുള്ള സർക്കുലറുമായി എം.ഡി ടോമിൻ തച്ചങ്കരിയും രംഗത്ത് എത്തിയിട്ടുണ്ട്.
ഒരാഴ്ചയായി തുടരുന്ന ഡീസൽ പ്രതിസന്ധിയ്ക്ക് ഇനിയും ശമനമുണ്ടായിട്ടില്ലെന്നാണ് വെള്ളിയാഴ്ച രാവിലെയുമുള്ള സംഭവവികാസങ്ങൾ നൽകുന്ന സൂചന. കോട്ടയം ഡിപ്പോയിൽ നിന്നും തിരുവനന്തപുരത്തിനുള്ള സർവീസുകളിൽ പലരും കൊട്ടാരക്കരയിൽ സർവീസ് അവസാനിപ്പിക്കുകയാണ്. കൊല്ലത്തിനും കൊട്ടാരക്കരയിലും എത്തിയ ശേഷം സർവീസ് അവസാനിപ്പിക്കുന്നതോടെ യാത്രക്കാരിൽ പലരും ദുരിതത്തിലായി മാറി. തിരുവനന്തപുരത്തിനു രണ്ടു ബസ് കയറി യാത്ര തുടരേണ്ട സാഹചര്യത്തലാണ് യാത്രക്കാർ. ഇതിനിടെയാണ് എല്ലാ ഡിപ്പോയിലും കയറി ഡീസലുണ്ടോ എന്ന് അന്വേഷിച്ചാണ് ബസുകൾ യാത്ര ചെയ്യുന്നത്. അതുകൊണ്ടു തന്നെ രണ്ടു മണിക്കൂറെങ്കിലും ഷെഡ്യൂൾ സമയത്തിൽ നിന്നു വൈകിയാണ് കെ.എസ്ആർടിസി ബസുകൾ യാത്ര അവസാനിപ്പിക്കുന്നത്. ഇത് വരുമാനത്തെയും യാത്രക്കാരുടെ എണ്ണത്തേയും സാരമായി ബാധിച്ചിട്ടുമുണ്ട്.
ഇതിനിടെ തന്റെ ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കുന്ന ജീവനക്കാർക്കെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകുമെന്ന ഉത്തരവുമായി കെ.എസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരി രംഗത്ത് എത്തിയിട്ടുണ്ട്. ഡീസൽ പ്രതിസന്ധിയുടെ സാഹചര്യത്തിൽ രാവിലെ 11 മണിയ്ക്കും വൈകിട്ട് മൂന്നുമണിയ്ക്കും ഇടയിൽ ട്രിപ്പ് യാത്രക്കാരെയും, വരുമാനത്തെയും ബാധിക്കാത്ത രീതിയിൽ ട്രിപ്പ് ക്രമീകരിക്കണമെന്ന നിർദേശമാണ് ടോമിൻ തച്ചങ്കരി നൽകിയിരുന്നത്. വരുമാനത്തിന്റെ അൻപത് ശതമാനത്തോളം തുക നിലവിൽ കെഎസ്ആർടിസിയുടെ ചിലവിനായി എടുക്കുകയാണ്. ഇതിനൊപ്പം ഡീസൽ വിലകൂടി കുടിശികയായതോടെയാണ് പ്രതിസന്ധി ശക്തമായതെന്നു തച്ചങ്കരി പറയുന്നു. രാവിലെ 11 മുതൽ മൂന്നു വരെയുള്ള ട്രിപ്പുകളിൽ ക്രമീകരണം ഏർപ്പെടുത്തണമെന്നായിരുന്നു നിർദേശം എന്നാൽ, ഇത് അട്ടിമറിച്ച് ഒരു വിഭാഗം എല്ലാ സർവീസുകളിലും വെട്ടിനിരത്തൽ നടത്തുകയാണെന്നും എം.ഡി കുറ്റപ്പെടുത്തുന്നു.