play-sharp-fill
മകരവിളക്ക്: വിപുലമായ ക്രമീകരണങ്ങളുമായി  കെ എസ് ആർ ടി സി;അധികമായി ആയിരം ബസുകള്‍ കൂടി;ജീവനക്കാര്‍ ഗതാഗത കുരുക്കുണ്ടാക്കിയാല്‍ നിരീക്ഷിച്ച് തുടര്‍ നടപടി;യന്ത്ര തകരാറിന് സാധ്യതയുള്ള ഇരുപതോളം ബസുകള്‍ പമ്പയില്‍ നിന്ന് തിരികെ അയയ്ക്കും

മകരവിളക്ക്: വിപുലമായ ക്രമീകരണങ്ങളുമായി കെ എസ് ആർ ടി സി;അധികമായി ആയിരം ബസുകള്‍ കൂടി;ജീവനക്കാര്‍ ഗതാഗത കുരുക്കുണ്ടാക്കിയാല്‍ നിരീക്ഷിച്ച് തുടര്‍ നടപടി;യന്ത്ര തകരാറിന് സാധ്യതയുള്ള ഇരുപതോളം ബസുകള്‍ പമ്പയില്‍ നിന്ന് തിരികെ അയയ്ക്കും

ശബരിമല :മകരവിളക്ക് ദിവസമായ ജനുവരി 14 – ന് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി. നിലവില്‍ നടന്നു വരുന്ന സര്‍വീസുകള്‍ക്ക് പുറമെ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന ഭക്തരുടെ യാത്ര ക്ലേശമൊഴിവാക്കാന്‍ അധികമായി ആയിരം ബസുകള്‍ കൂടി സര്‍വീസിന് സജ്ജമാക്കുമെന്ന് കെഎസ്ആര്‍ടിസി പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ ഷിബു കുമാര്‍ പറഞ്ഞു.

മകര വിളക്ക് ദിവസമായ പതിനാലിന് രാവിലെ ബസുകള്‍ എത്തും. വൈകുന്നേരം മുതലായിരിക്കും അധികമായി ക്രമീകരിക്കുന്ന ബസുകളുടെ സര്‍വീസ് ആരംഭിക്കുക. ഇരുന്നൂറ്റമ്പത് ബസുകള്‍ പമ്പയില്‍ ക്രമീകരിക്കും. ത്രിവേണിയില്‍ നിന്നാരംഭിക്കുന്ന ചെയിന്‍ ഹില്‍ടോപ്പ് ചുറ്റി നിലയ്ക്കല്‍ വരെ ഉണ്ടാകും. നാനൂറ് ബസ് ഇതിനായി ഉപയോഗിക്കും.

നിലയ്ക്കലില്‍ ആറാമത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നൂറ് ബസുകള്‍ ക്രമീകരിക്കും. ചെയിന്‍ സര്‍വീസിന്റെ ആദ്യ റൗണ്ടില്‍ നാനൂറ് ബസുകള്‍ ഉപയോഗിക്കും. രണ്ടാം റൗണ്ട് മുതല്‍ ഭക്തരുടെ എണ്ണം കണക്കാക്കിയായിരിക്കും ബസുകളുടെ എണ്ണം ക്രമീകരിക്കുക. ഇതിനൊപ്പം ദീര്‍ഘദൂര സര്‍വീസുകളും ആരംഭിക്കും. ചെയിന്‍ സര്‍വീസിന്റെ രണ്ടാം റൗണ്ടില്‍ കുറഞ്ഞത് ഇരുന്നൂറ് ബസുകള്‍ ഓടിക്കും. നിലയ്ക്കല്‍ മുതല്‍ ഇലവുങ്കല്‍ വരെയുള്ള ഭാഗത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി അമ്പത് ബസുകള്‍ സജ്ജമാക്കി നിര്‍ത്തും. പമ്പയില്‍ നിന്ന് ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായുള്ള ബസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് ഈ ബസുകള്‍ പമ്പയിലേക്കെത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുലാപ്പിള്ളി, ചെങ്ങന്നൂര്‍, എരുമേലി, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം കൊട്ടാരക്കര തുടങ്ങി മറ്റിടങ്ങളില്‍ ക്രമീകരിച്ച് നിര്‍ത്തുന്ന ബസുകളും രാത്രിയോടെ ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സര്‍വീസ് ആരംഭിക്കും. ഗതാഗതക്കുരുക്കൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ഇടങ്ങളിലായി ബസുകള്‍ ക്രമീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സര്‍വീസ് നടത്തുകയെന്ന തീരുമാനം കൈ കൊണ്ടിട്ടുള്ളത്.

തങ്ങളുടെ ജീവനക്കാര്‍ ഗതാഗത കുരുക്കുണ്ടാക്കിയാല്‍ അത് നിരീക്ഷിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിനും കെഎസ്ആര്‍സി ഇത്തവണ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍മാരെയും മെക്കാനിക്കുമാരേയും ഉള്‍പ്പെടുത്തി ഇരുന്നൂറോളം ആളുകളെ ഇതിനായി നിയോഗിക്കും. ഇതിനുപുറമെ ഒരു മെക്കാനിക്കും ഡ്രൈവറും ഉള്‍പ്പെടുന്ന സംഘം ഇരുചക്ര വാഹനത്തിലും നിരത്തിലുണ്ടാകും. ഏതെങ്കിലും വാഹനത്തില്‍ പകരം ഡ്രൈവറെ നിയോഗിക്കേണ്ടി വന്നാല്‍ ഇരു ചക്രവാഹനത്തിലെത്തുന്ന ഡ്രൈവര്‍ തുടര്‍ സേവനം ഏറ്റെടുക്കും. യന്ത്ര തകരാര്‍ മൂലം ബസുകള്‍ നിരത്തില്‍ കിടക്കുന്നതൊഴിവാക്കാനാണ് ഇരുചക്രവാഹനത്തില്‍ മെക്കാനിക്കിന്റെ സേവനം നിരത്തില്‍ സാധ്യമാക്കുന്നത്.

നിലവില്‍ പമ്പയിലേക്ക് മറ്റ് ഡിപ്പോകളില്‍ നിന്ന് നടന്നു വരുന്ന ബസ് സര്‍വീസുകള്‍ക്ക് പുറമെ ഇരുന്നൂറ്റിയെഴുപതോളം ബസുകള്‍ എത്തിച്ചാണിപ്പോള്‍ സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ഇതില്‍ ഇരുന്നൂറ്റഞ്ചെണ്ണം ചെയിന്‍ സര്‍വീസിനായും അറുപത്തഞ്ചെണ്ണം ദീര്‍ഘദൂര സര്‍വീസിനായും ഉപയോഗിക്കുന്നു. ഇതില്‍ യന്ത്ര തകരാറിന് സാധ്യതയുള്ള ഇരുപതോളം ബസുകള്‍ പമ്പയില്‍ നിന്ന് തിരികെ അയയ്ക്കുമെന്നും മറ്റ് ഡിപ്പോകളില്‍ നിന്നടക്കം അഞ്ഞൂറോളം ബസ് സര്‍വീസുകള്‍ നടന്ന് വരുന്നതായും കെഎസ്ആര്‍ടിസി പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

Tags :