കെ.എസ്.ആർ.ടി.സിയുടെ മുട്ടൻ പണി വരുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകൾ മുഴുവൻ ഫാസ്റ്റ് പാസഞ്ചർ ആക്കാൻ നീക്കം ആരംഭിച്ചു. ഇന്നുമുതൽ വരുമാനം കുറഞ്ഞ സർവ്വീസുകൾ നിർത്തലാക്കുകയും ഫാസ്റ്റ് പാസഞ്ചറുകളാക്കി പുതിയ റൂട്ടിൽ സർവ്വീസ് തുടങ്ങാനുമാണ് തീരുമാനം. ഗ്രാമീണ മേഖലകളിലേക്കുള്ള ഓർഡിനറി സർവ്വീസുകളാകും ഇങ്ങനെ വെട്ടികുറയ്ക്കുക. പതിനഞ്ചു വർഷത്തെ കാലാവധിക്കു ശേഷം ഓർഡിനറിയാക്കിയ ബസുകളാണ് വീണ്ടും നിറം മാറ്റി ഫാസ്റ്റ് പാസഞ്ചറുകളാക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ രണ്ടു വർഷം കഴിഞ്ഞ ബസുകൾ പോലും അറ്റകുറ്റ പണികൾ നടത്താതെ വഴിയിൽ കിടക്കുമ്പോഴാണ് പതിനഞ്ചു വർഷത്തിലേറെ പഴക്കമുള്ള ബസുകൾ ഫാസ്റ്റ് പാസഞ്ചറുകളാക്കി ദീർഘദൂര സർവ്വീസുകളാക്കി ഉപയോഗിക്കാൻ പോകുന്നത്. ഇത് യാത്രക്കാർക്ക് യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. ഫലത്തിൽ വലിയ പ്രതിസന്ധിയിലേക്കാകും കെ.എസ്.ആർ.ടി.സി എത്തിച്ചേരുക.