കെ.എസ്.ആർ.ടി.സിയിൽ നിന്നു പിരിച്ച് വിടുന്നതിനെതിരെ ആത്മഹത്യാ ഭീഷണിയുമായി എംപാനൽ ജീവനക്കാരൻ: ആത്മഹത്യ ചെയ്യാൻ കയറിയത് കോട്ടയം ഡിപ്പോയുടെ കെട്ടിടത്തിന് മുകളിൽ; സഹപ്രവർത്തകർ സമാധാനിപ്പിച്ച് താഴെയിറക്കി

കെ.എസ്.ആർ.ടി.സിയിൽ നിന്നു പിരിച്ച് വിടുന്നതിനെതിരെ ആത്മഹത്യാ ഭീഷണിയുമായി എംപാനൽ ജീവനക്കാരൻ: ആത്മഹത്യ ചെയ്യാൻ കയറിയത് കോട്ടയം ഡിപ്പോയുടെ കെട്ടിടത്തിന് മുകളിൽ; സഹപ്രവർത്തകർ സമാധാനിപ്പിച്ച് താഴെയിറക്കി

സ്വന്തം ലേഖകൻ 

കോട്ടയം: കെ.എസ്.ആർ.ടി.സിയിൽ നിന്നു പിരിച്ചുവിടൽ ഭീഷണി നേരിടുന്ന എം.പാനൽ ജീവനക്കാരൻ ആത്മഹത്യാ ഭീഷണിയുമായി കോട്ടയം ഡിപ്പോയുടെ കെട്ടിടത്തിനു മുകളിൽ കയറി. ആലപ്പുഴ കുട്ടനാട് മിത്രക്കരി മിത്രമഠം കോളനിയിൽ വി.എസ് നിഷാദാണ് കോട്ടയം ഡിപ്പോയുടെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നു താഴേയ്ക്കു ചാടി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ ചേർന്ന് സമാധാനിപ്പിച്ച് ഇയാളെ താഴെയിറക്കിയതോടെയാണ് അപകട ഭീഷണി ഒഴിവായത്.

തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ഇവർ പൊട്ടിക്കരയുകയായിരുന്നു. 
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവത്തിന്റെ തുടക്കം. രണ്ടാം നിലയിലെ ജീവനക്കാരുടെ വിശ്രമമുറിയുടെ സമീപത്തെ ജനലിലൂടെ എത്തിപ്പിടിച്ച് ഇയാൾ കെട്ടിടത്തിന്റെ ടെറസിൽ കയറുകയായിരുന്നു. തുടർന്ന് ഇവിടെ നിന്ന് വീട്ടിലേയ്ക്ക് വിളിച്ച് അമ്മയോട് താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിഷാദ് കെട്ടിടത്തിന്റെ മുകളിൽ കയറി നിൽക്കുന്നത് കണ്ട സഹപ്രവർത്തകരാണ് വിവരം അഗ്നിരക്ഷാ സേനയെയും കെ.എസ്ആർടിസി അധികൃതരെയും പൊലീസിനെയും അറിയിച്ചത്. തുടർന്ന് ഓടിക്കൂടിയ മറ്റ് എംപാനൽ ജീവനക്കാർ ഇയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, താൻ ചാടുമെന്നു തന്നെ ഇയാൾ നിലപാട് എടുക്കുകയായിരുന്നു. ഇരുപത് മിനിറ്റോളം ചർച്ച നടത്തിയ ശേഷമാണ് ഇയാളെ ആശ്വസിപ്പിച്ച് നിലത്തിറക്കിയത്. തുടർന്ന് ഇയാൾ എം.പാനൽ ജീവനക്കാരുടെ സങ്കടങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞു. 
92 എംപാനൽ ജീവനക്കാരാണ് കോട്ടയം ഡിപ്പോയിൽ ജോലി ചെയ്യുന്നത്. 480 രൂപയാണ് കണ്ടക്ടർമാർക്ക് ദിവസക്കൂലി. എന്നാൽ, ഒരു മാസം 20 ഡ്യൂട്ടിയിൽ കുറവ് ജോലി ചെയ്താൽ ഇവരുടെ കയ്യിൽ നിന്നും ആയിരം രൂപ ഫൈനായി ഈടാക്കും. ഇതുകൂടാതെ യൂണിയനുകളുടെ വക പിരിവ് വേറെയുമുണ്ട്. ഇതെല്ലാം ചെയ്തിട്ടും സർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും പിടിപ്പ് കേട് മൂലം തങ്ങളുടെ ജോലി നഷ്ടമാകുന്നതിൽ കടുത്ത അമർഷത്തിലാണ് ഇപ്പോൾ ജീവനക്കാർ. ഇനിയും തങ്ങളുടെ ജോലി നഷ്ടമാക്കുന്ന നിലപാട് സ്വീകരിച്ചാൽ കൂട്ട ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും ഇവർ പറയുന്നു. 
എം.പാനൽ ജീവനക്കാർക്ക് ഡ്യൂട്ടി നൽകാതെ വന്നതോടെ തിങ്കളാഴ്ച കോട്ടയം ഡിപ്പോയിൽ മുപ്പതിലേറെ സർവീസുകൾ മുടങ്ങി. ഇതോടെ കോട്ടയത്തെ യാത്രാ ക്ലേശം അതിരൂക്ഷമാകുകയും ചെയ്തു.