
ആലപ്പുഴ:വായ്പ എടുക്കാൻ ഈട് നല്‍കിയ ആധാരം സ്വന്തം ചിട്ടിക്ക് ഈട് വച്ച് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കെഎസ്‌എഫ്‌ഇ ജീവനക്കാരൻ കീഴടങ്ങി.
കെഎസ്‌എഫ്‌ഇ ആലപ്പുഴ റീജനല്‍ ഓഫിസിലെ സ്പെഷല്‍ ഗ്രേഡ് അസിസ്റ്റന്റ് മണ്ണഞ്ചേരി കൂരുവേലിച്ചിറയില്‍ എസ് രാജീവനാണ് നൂറ് ദിവസത്തിലേറെ ഒളിവില്‍ കഴിഞ്ഞ ശേഷം കീഴടങ്ങിയത്. ഇയാളെ അറസ്റ്റ് ചെയ്‌ത ശേഷം കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഹൈക്കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. പ്രതിയുടെ അറസ്റ്റ് ആലപ്പുഴ സൗത്ത് പൊലീസ് രേഖപ്പെടുത്തി. രാജീവൻ്റെ അയല്‍വാസിയായ കൂരുവേലിച്ചിറയില്‍ ആപ്പൂര് വീട്ടില്‍ എൻ സുമ കെഎസ്‌എഫ്‌ഇയില്‍ നിന്ന് 12 ലക്ഷത്തിന്റെ ചിട്ടി പിടിച്ചിരുന്നു.
ഇതില്‍ നിന്നു വീട് നിർമാണത്തിന് 6 ലക്ഷം രൂപ എടുക്കാൻ അപേക്ഷ നല്‍കി. സുമയുടെ 12 സെന്റ് സ്ഥലത്തിന്റെ ആധാരം കെഎസ്‌എഫ്‌ഇ ഓഫീസില്‍ ഈടായി നല്‍കിയെങ്കിലും സ്ഥലത്തേക്ക് വഴി ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് പോരെന്നു രാജീവൻ പറഞ്ഞു. തുടർന്നു സുമയുടെ ഭർത്താവിന്റെ പേരിലുള്ള 8 സെന്റ് സ്ഥലത്തിന്റെ പ്രമാണം രാജീവനെ ഏല്‍പിച്ചു.
നാല് മാസം കഴിഞ്ഞപ്പോള്‍ അധികൃതർ ജപ്തി നടപടിക്ക് വന്നപ്പോഴാണ് തങ്ങള്‍ ആദ്യം നല്‍കിയ രേഖ രാജീവ് സ്വന്തം ചിട്ടിക്ക് ഈടായി നല്‍കിയതായി കണ്ടെത്തിയത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതായും സുമയും കൂടുംബവും മനസ്സിലാക്കി.
ഇതോടെ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ വ്യാജരേഖ ചമച്ച് കെഎസ്‌എഫ്‌ഇ കലവൂർ ശാഖയില്‍ നിന്നു 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ബന്ധുവിന്റെ പരാതിയില്‍ മണ്ണഞ്ചേരി പൊലീസ് മറ്റൊരു കേസും രാജീവിനെതിരെ രജിസ്റ്റർ ചെയ്തു.
പക്ഷേ അറസ്റ്റ് വൈകി. ഇതോടെ വീണ്ടും സുമ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. തുടർന്ന് ജോലിയില്‍ നിന്ന് രാജീവനെ സസ്പെൻഡ് ചെയ്‌തു. കെഎസ്‌എഫ്‌ഇ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗത്വത്തില്‍ നിന്നു നീക്കി
. പ്രതി മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ കീഴടങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരെ കെഎസ്‌എഫ്‌ഇ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്