കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്‌ഡിനെതിരെ കടുത്ത പ്രതിഷേധവുമായി തോമസ് ഐസക്ക് ; പ്രതിഷേധം കടുത്തതോടെ പരിശോധനകള്‍ അവസാനിപ്പിച്ച് മുഖ്യമന്ത്രി : വിജിലന്‍സ് പരിശോധന സി.പി.എമ്മിനുള്ളില്‍ വീണ്ടും ചേരിപ്പോരിന് വഴിവയ്‌ക്കുമോയെന്ന് ആശങ്ക
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി മന്ത്രി ഡോ: തോമസ് ഐസക്ക് രംഗത്ത് വന്നതോടെ സി.പി.എമ്മിനുള്ളില്‍ വീണ്ടും ചേരിപ്പോരിന് വഴിവയ്‌ക്കുമോയെന്ന് ആശങ്ക. വിജിലന്‍സ് റെയ്‌ഡിനെതിരെ കടുത്ത പ്രതിഷേധവുമായി മന്ത്രി ഡോ: തോമസ് ഐസക്ക് തന്നെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
ഇതേതുടർന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടുകയും തല്‍ക്കാലം വിജിലൻസ് പരിശോധനകള്‍ അവസാനിപ്പിക്കുകയുമായിരുന്നു.
കെ.എസ്.എഫ്.ഇയിലെ ഈ വിജിലന്‍സ് റെയ്‌ഡ് ഈ തെരഞ്ഞെടുപ്പ് സമയത്ത് ഒഴിവാക്കണമെന്ന് ഐസക്ക് ആവശ്യപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പരിഗണിച്ചില്ലെന്നു പരാതിയും ഉയർന്നിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്‌ഥാനത്തിന്റെ ധനാഗമമാര്‍ഗ്ഗങ്ങളും വികസനപ്രവര്‍ത്തനങ്ങളും തടയാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചിരുന്നു. ഇതിനിടയിലാണ് സംസ്‌ഥാന സര്‍ക്കാരിന്റെ ഏജന്‍സി തന്നെ ഇത്തരം ഒരു നീക്കവുമായി രംഗത്തുവന്നത്.
എന്നാൽ തെരഞ്ഞെടുപ്പുകള്‍ അടുക്കുന്ന സമയത്ത് വിജിലന്‍സ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നത് പതിവാണെന്നാണ് മന്ത്രി ഐസക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്‌തമാക്കുന്നത്. അതുകൊണ്ടുതന്നെ വിജിലന്‍സ് ഇത്തരത്തില്‍ ഒരു പരിശോധനയ്‌ക്ക് ഒരുങ്ങുന്നുവെന്ന് അറിഞ്ഞയുടന്‍ തന്നെ ഇതില്‍ നിന്നും അവരെ പിന്തിരിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വലിയ പങ്കുവഹിക്കുന്ന ഒരു ധനകാര്യസ്‌ഥാപനത്തില്‍ വിജിലന്‍സ് റെയ്‌ഡ് നടക്കുമ്പോള്‍ ആ സ്‌ഥാപനത്തിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും ഇല്ലാതാകും. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ റെയ്‌ഡ് നടത്തുകയായിരുന്നു.
സാധാരണ വിജിലന്‍സ് റെയ്‌ഡ് ചെയ്‌തുകഴിയുമ്പോള്‍ അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് പത്രക്കുറിപ്പുകള്‍ നല്‍കാറുണ്ട്.
എന്നാല്‍ ഈ കേസില്‍ അത്തരത്തില്‍ ഔദ്യോഗികമായി ഒരു പത്രക്കുറിപ്പ് നല്‍കാതെ കെ.എസ്.എഫ്.ഇയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പോലെ തങ്ങളുടെ മനോധര്‍മ്മപ്രകാരമുള്ള കാര്യങ്ങള്‍ മാധ്യമങ്ങളോട് അനൗദ്യോഗികമായി പറയുകയായിരുന്നു.
ഇത് തന്നെ സർക്കാരിന് എതിരെയുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ വകുപ്പായാലും തന്റെ പ്രവര്‍ത്തനമേഖലയില്‍ ഇടപെടേണ്ടതില്ലെന്നാണ് ഐസക്കിന്റെ നിലപാട്.