
കൊച്ചി: വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകൾ പുതുക്കി കെ.എസ്.എഫ്.ഇ. ജനറൽ ഫിക്സഡ് ഡിപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡിപ്പോസിറ്റ്, ഷോർട്ട് ടേം ഡിപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടു സാമ്പത്തിക ആസൂത്രണം നടത്തുന്നവർക്ക് മികച്ച ഒരു നിക്ഷേപ മാർഗ്ഗമാണ് ചിട്ടി. സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം എന്നിവയായി നിക്ഷേപിക്കുന്നവർക്ക് ഒരു വർഷത്തെ കാലാവധിക്ക് 8.50 ശതമാനം പലിശയും ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലവധിയിൽ നിക്ഷേപിക്കുന്നവർക്ക് 8 ശതമാനം പലിശ നിരക്കും കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നു. , രണ്ട് വർഷം മുതൽ മൂന്ന് വർഷത്തേക്ക് നിക്ഷേപിക്കുന്നവർക്ക് 7.75 ശതമാനം പലിശയും നൽകും .
ചിട്ടിയുടെ മേൽ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ (CSDT) പലിശ നിരക്ക് 8.75 ശതമാനത്തിൽ നിന്ന് 9 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ 181 മുതൽ 364 ദിവസത്തിനുള്ള ഹ്രസ്വകാല നിക്ഷേപ പലിശ 5.50 ശതമാനത്തിൽ നിന്നും 6.50 ശതമാനമാക്കി ഉയർത്തി. അതേസമയം, വന്ദനം നിക്ഷേപ പദ്ധതിയിലൂടെ മുതിർന്ന പൗരന്മാർക്ക് നിലവിൽ ലഭിക്കുന്ന 8.75% പലിശ നിരക്കിൽ മാറ്റമില്ല. എന്നാൽ നിക്ഷേപകരുടെ പ്രായപരിധി 60-ൽ നിന്നും 56 വയസ്സാക്കിയിട്ടുണ്ട്.
ഈ പരിഷ്കരണങ്ങൾ വരുത്തുന്നതോടെ നിക്ഷേപ പദ്ധതികൾ നിക്ഷേപകർക്കിടയിൽ കൂടുതൽ ആകർഷണീയമാകുമെന്നാണ് കെ.എസ്.എഫ്.ഇ പ്രതീക്ഷിക്കുന്നത്. ബാങ്കുകൾ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുകൾ കുത്തനെ കുറക്കുമ്പോൾ സ്ഥിര നിക്ഷേപ പലിശയെ ആശ്രയിക്കുന്നവരുടെ പ്രതീക്ഷയാകുകയാണ് കെ.എസ്.എഫ്.ഇ. നിക്ഷേപിക്കുന്ന തുകയ്ക്ക് 100% ഗവൺമെന്റ് ഗ്യാരന്റിയുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group