
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വൈദ്യുതി അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി.
265 വൈദ്യുത അപകടങ്ങളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 121 പേരുടെ ജീവൻ നഷ്ടമായി. അനധികൃത വൈദ്യുത ജോലികള്‍ക്കിടെ 10 പേരും ഉപഭോക്തൃ പരിസരത്തെ എര്‍ത്ത് ലീക്കേജ് കാരണം 17 പേരും വൈദ്യുതി ലൈനിനു സമീപം ലോഹനിര്‍മ്മിതമായ തോട്ടിയും ഏണിയുമുപയോഗിക്കുമ്പോള്‍ ഷോക്കേറ്റ് 15 പേരും വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് 2 പേരും മരണമടഞ്ഞിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്സവങ്ങളോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുമ്പോഴാണ് 7 പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. വൈദ്യുത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന അപകടങ്ങളാണ് ഇതിലേറെയും. വൈദ്യുത വയറിങ്ങിന്റെ തുടക്കത്തില്‍ത്തന്നെ ആര്‍.സി.സി.ബി (ഇ.എല്‍.സി.ബി) ഘടിപ്പിക്കുന്നതിലൂടെ വൈദ്യുത ലീക്കേജ് കാരണമുള്ള അപകടം ഒഴിവാക്കാം.
വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുത പ്രവാഹമുണ്ടായാല്‍ ആ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്‍ക്കാൻ വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ ഉപകരണത്തിലേക്കും സര്‍ക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിര്‍ത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് ആര്‍.സി.സി.ബി.
ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരം നടത്തുമ്പോഴും ജാഗ്രത പാലിക്കണം. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ അനുബന്ധ ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ലോഹനിര്‍മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ.
വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിൻ എന്നിവ കുത്തി കണക്ഷനെടുക്കുന്നതും വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടകരമാണ്. കെ.എസ്.ഇ.ബിയുടെ വൈദ്യുത പ്രതിഷ്ഠാപനങ്ങള്‍ക്ക് സമീപം അലങ്കാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുമ്പ് അതത് സെക്ഷൻ ഓഫിസില്‍ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്.
വൈദ്യുത ലൈനുകള്‍ക്ക് സമീപം ഒരു കാരണവശാലും ലോഹനിര്‍മ്മിതമായ തോട്ടിയോ ഏണിയോ ഉപയോഗിക്കരുത്. 130 ലേറെ പേര്‍ക്കാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ ഷോക്കേറ്റ് മരണം സംഭവിച്ചത്. വൈദ്യുതോപകരണങ്ങളില്‍ നിന്ന് ഷോക്കേറ്റുള്ള അപകടം ഒഴിവാക്കാൻ നിര്‍ബന്ധമായും വയറിങ്ങിന്റെ തുടക്കത്തില്‍ ആര്‍.സി.സി.ബി ഘടിപ്പിക്കണമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കി.




