
തിരുവനന്തപുരം: കേരളീയർക്ക് പുതുവത്സര സമ്മാനമായി വൈദ്യുതി ബില്ലില്‍ സർചാർജ് അടിച്ചേല്‍പ്പിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്നു വാർത്ത വസ്തുതാവിരുദ്ധമാണെന്ന് കെഎസ്ഇബി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ധന സർചാർജ് എന്ന പേരില്‍ കെഎസ്ഇബി പുതുതായി ഒരു തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നുവെന്ന തരത്തിലാണ് പ്രചരണമെന്നും എന്നാല്‍ ഇത് തികച്ചും വസ്തുതാവിരുദ്ധമാണെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ വിവരവും അധികൃതർ പങ്കുവച്ചു.
പോസ്റ്റിന്റെ പൂർണരൂപം ഇവിടെ വായിക്കാം:

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുവർഷത്തില്‍ കെ എസ് ഇ ബി സർചാർജ് അടിച്ചേല്‍പ്പിച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധം. കേരളീയർക്ക് പുതുവത്സര സമ്മാനമായി വൈദ്യുതി ബില്ലില്‍ കെഎസ്ഇബി സർചാർജ് അടിച്ചേല്‍പ്പിച്ചു എന്ന തരത്തില്‍ തികച്ചും അടിസ്ഥാനരഹിതമായ ഒരു വാർത്ത ചില മുഖ്യധാരാമാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ഈ പ്രചാരണം വ്യാപകമായിട്ടുണ്ട്. ഇതിലെ യഥാർത്ഥ വസ്തുത ഒന്ന് പരിശോധിക്കാം.
ഇന്ധന സർചാർജ് എന്ന പേരില്‍ കെഎസ്ഇബി പുതുതായി ഒരു തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നു എന്ന തരത്തിലാണ് പ്രചാരണങ്ങള്‍. എന്നാലിത് തികച്ചും വസ്തുതാവിരുദ്ധമാണ്. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87 ആം ചട്ടം പരിഷ്കരിച്ച് കൊണ്ട് 2023 മെയ് 29ന് പുറപ്പെടുവിച്ച KSERC Terms and Conditions of Tariff Amendment Regulations പ്രകാരം ഏപ്രില്‍ 2023 മുതല്‍, ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ യൂണിറ്റിന് പരമാവധി 10 പൈസ വരെ ഇന്ധന സർചാർജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇത് പ്രകാരമാണ് 2025 നവംബർ മാസത്തില്‍ വൈദ്യുതിവാങ്ങാൻ കെഎസ്ഇബിക്ക് അധികമായി ചെലവായ 18.45 കോടിരൂപ 2026 ജനുവരി മാസത്തില്‍ ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളില്‍നിന്ന് യൂണിറ്റിന് 7പൈസയും പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കളില്‍ നിന്ന് യൂണിറ്റിന് 8 പൈസയും നിരക്കില്‍ ഇന്ധന സർചാർജായി ഈടാക്കുന്നത്. ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെ ഇന്ധന സര്‍ചാര്‍ജില്‍ നിന്നും പൂർണ്ണമായും ഒഴിവാക്കിയിട്ടുമുണ്ട്. ഏകദേശം 11 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഈ ഇളവ് ലഭിക്കും.
2005 ഡിസംബറില്‍ എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും 5 പൈസ/യൂണിറ്റ് ആയിരുന്നു ഇന്ധന സർചാർജ്. സെപ്റ്റംബർ ഒക്ടോബർ നവംബർ മാസങ്ങളില്‍ ഇത് 10 പൈസ/യൂണിറ്റ് ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. 100 യുണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഒരു ദ്വൈമാസ ബില്ലിംഗ് ഉപഭോക്താവിന് കേവലം 2 രൂപ മാത്രമാണ് ഈ മാസത്തെ ബില്ലില്‍ അധികമായി നല്‍കേണ്ടി വരുന്നത്. വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാം.



