
വാണിയമ്മയുടെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല, തനിക്ക് വ്യക്തിപരമായ നഷ്ടം കൂടി; കെ.എസ് ചിത്ര
സ്വന്തം ലേഖകൻ
വാണി ജയറാമിന്റെ വിയോഗം ഞെട്ടലോടെ കേട്ട് സംഗീതലോകം. അപ്രതീക്ഷിത വിയോഗമാണെന്നും തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നുമാണ് മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര പ്രതികരിച്ചത്.
വാണിയമ്മയുമായി കഴിഞ്ഞ ബുധനാഴ്ച സംസാരിച്ചിരുന്നുവെന്നും അത് അവസാനത്തെ സംസാരമാണെന്ന് കരുതിയില്ലെന്നും ചിത്ര പറഞ്ഞു. പത്മഭൂഷണ്‍ ലഭിച്ച വാണിയമ്മയെ ആദരിക്കുന്ന ചടങ്ങില്‍ കഴിഞ്ഞ മാസം 28-ന് പങ്കെടുത്തിരുന്നു. അന്ന് അമ്മയുടെ അനുഗ്രഹം വാങ്ങി . ഒരു ഉമ്മയും സമ്മാനിച്ചാണ് അമ്മ മടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാണിയമ്മയുടെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല, തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ്-ചിത്ര പറഞ്ഞു.
ഏറ്റവും കൂടുതല്‍ ഫീമെയില്‍ ഡ്യൂയറ്റ് പാടിയിട്ടുള്ളത് വാണിയമ്മയോടൊപ്പമാണെന്നും ചിത്ര അനുസ്മരിച്ചു. തന്റെ തുടക്കകാലത്ത് ഒരുപാട് പാട്ടുകള്‍ വാണിയമ്മയ്‌ക്കൊപ്പം പാടാന്‍ കഴിഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഗീതത്തോട് അങ്ങേയറ്റത്തെ ബഹുമാനമാണ് വാണിയമ്മയ്‌ക്കെന്നും സ്‌റ്റേജിലാണെങ്കിലും സ്റ്റുഡിയോയിലാണെങ്കിലും ചെരുപ്പ് അഴിച്ചതിന് ശേഷം മാത്രമാണ് പ്രവേശിച്ചിരുന്നുള്ളൂവെന്നും കെ.എസ്.ചിത്ര വ്യക്തമാക്കി. പാടുന്ന ഭാഷ എല്ലാം പഠിച്ച് അര്‍ത്ഥം അറിഞ്ഞാണ് പാടിയിരുന്നതെന്നും അവര്‍ സൂചിപ്പിച്ചു.
വാണി ജയറാമിനെ ആദരിക്കുന്ന ചടങ്ങില്‍ എത്തിയപ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി ചിത്രയോട് പറഞ്ഞിരുന്നു. രണ്ട് പേര്‍ കൈ പിടിച്ചാണ് സ്റ്റേജില്‍ കയറ്റിയതെന്നും എന്നാല്‍ ഇത്ര പെട്ടെന്ന് വിയോഗം പ്രതീക്ഷിച്ചില്ലെന്നും ചിത്ര പറഞ്ഞു.