play-sharp-fill
കൃഷ്ണമ്മയ്ക്ക് പെൻഷൻ മുപ്പതിനായിരം രുപ; എന്നിട്ടും മകന്റെ ലോൺ അടക്കാൻ സഹായിച്ചില്ല,മുഴുവൻ ചിലവഴിച്ചത് ആഭിചാര ക്രിയയ്ക്ക്

കൃഷ്ണമ്മയ്ക്ക് പെൻഷൻ മുപ്പതിനായിരം രുപ; എന്നിട്ടും മകന്റെ ലോൺ അടക്കാൻ സഹായിച്ചില്ല,മുഴുവൻ ചിലവഴിച്ചത് ആഭിചാര ക്രിയയ്ക്ക്

സ്വന്തംലേഖകൻ

തിരുവനന്തപുരം :’ലോൺ അടയ്ക്കാൻ നിർവാഹമില്ലാത്ത കുടുംബമല്ല ഇവരുടേത്, കൃഷ്ണമ്മയ്ക്ക് മാസം 30,000 രൂപ പെൻഷനുണ്ട്, അതിൽനിന്ന് കുറച്ചു പൈസ മാറ്റിവച്ചാൽ പോലും ലോണടയ്ക്കാം, പക്ഷേ അന്ധവിശ്വാസം തലയ്ക്ക് പിടിച്ചാൽ എന്തുചെയ്യും.’തീകൊളുത്തി ആത്മഹത്യ ചെയ്ത ലേഖയുടെ അയൽവാസി രജനി രോഷത്തോടെ പറഞ്ഞു.കൃഷ്ണമ്മയുടെ ഭർത്താവ് പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടെ മരിച്ചുപോയതാണ്. ആ പെൻഷൻ ഇവർക്കാണ് ലഭിക്കുന്നത്. കിട്ടുന്ന പണമെല്ലാം ആഭിചാര ക്രിയകൾക്ക് വിനിയോഗിക്കും. വീട്ടിൽ പ്രത്യേകമായി ആഹാരംവച്ചു കഴിക്കും. ചെറുമകളായ വൈഷ്ണവിക്ക് പോലും ഒന്നും കൊടുത്തിരുന്നില്ല. ഇവർ രണ്ടുപേരും ആഹാരം കഴിക്കുന്നുണ്ടോ എന്നുപോലും ചോദിക്കുമായിരുന്നില്ല. ലോണിന്റെ പ്രശ്‌നമെല്ലാം പരദൈവങ്ങൾ തീർക്കുമെന്നായിരുന്നു അമ്മയുടെയും മകന്റെയും വിശ്വാസം. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ കൃഷ്ണമ്മ ലേഖയോട് പോര് തുടങ്ങി. വർഷങ്ങൾക്ക് മുമ്പ് ചന്ദ്രൻ ഗൾഫിലായിരുന്ന സമയത്ത് സ്വന്തം വീട്ടിൽ പോയി മടങ്ങിവരാൻ അല്പം താമസിച്ചതിന് ലേഖയെ വീട്ടിൽ കയറ്റാൻ കൃഷ്ണമ്മ തയ്യാറായില്ല. ഇക്കാര്യം അറിഞ്ഞ ചന്ദ്രൻ ഗൾഫിൽ നിന്നു പൊലീസുകാരനായ തന്റെ അമ്മാവൻ ഗോപിപിള്ളയെ ഫോണിൽ വിളിച്ചു വിഷയത്തിൽ ഇടപെടണമെന്നും ലേഖയെ വീട്ടിൽ കയറ്റാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചെന്നും അങ്ങനെയാണ് ലേഖയ്ക്ക് വീട്ടിൽ കയറാൻ കഴിഞ്ഞതെന്നും രജനി പറഞ്ഞു. ‘ആ കൊച്ചും അമ്മയും നടന്നുപോകുന്ന ദൃശ്യം കണ്ണിൽ നിന്നു മായുന്നില്ല. ഇവർ ഏതെങ്കിലും ആണുങ്ങളോട് സംസാരിക്കുന്നത് കണ്ടാൽ അപവാദം പറഞ്ഞു പ്രചരിപ്പിക്കുന്നത് കൃഷ്ണമ്മയുടെ പതിവായിരുന്നു. അതിനാൽ ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു ലേഖയ്ക്കും വൈഷ്ണവിക്കുമെന്നും നാട്ടുകാർ പറയുന്നു.ലേഖയ്ക്ക് സ്ത്രീധനമായി കിട്ടിയ വസ്തുവെല്ലാം നേരത്തേ വിറ്റു ആ പണം വാങ്ങി ചന്ദ്രൻ ചെലവഴിച്ചു. ഒമ്പത് മാസം മുമ്പ് വിദേശത്ത് നിന്നു നാട്ടിൽ വന്ന ചന്ദ്രൻ വല്ലപ്പോഴും മാത്രമേ ജോലിക്ക് പോകുമായിരുന്നുള്ളൂ, ആഴ്ചയിലൊരിക്കൽ പണിക്ക് പോയാൽ വെറും 200 രൂപ മാത്രമേ ചെലവിന് കൊടുക്കൂ, അതിൽ നിന്നാണ് ഇരുവരും ആഹാരം കഴിച്ചിരുന്നത്. പലപ്പോഴും പട്ടിണിയായിരുന്നു, എന്നാൽ നാണക്കേട് ഭയന്ന് ഇവർ പുറത്തു പറഞ്ഞിരുന്നില്ല. അമ്മയുണ്ടാക്കുന്ന ആഹാരമാണ് ചന്ദ്രൻ കഴിച്ചിരുന്നതെന്ന് ലേഖയുടെ ഇളയച്ഛൻ ശ്രീകുമാർ പറഞ്ഞു. ആത്മഹത്യ സംഭവിച്ച അന്നുതന്നെ മരണത്തിൽ സംശയം ഉണ്ടായിരുന്നെങ്കിലും ബാങ്കിനെതിരെ പ്രതിഷേധം ഉണ്ടായതോടെ മിണ്ടാതിരിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.