ട്രെയിനിലിരുന്ന് ഒ.സിയെ വഴക്കു പറഞ്ഞു കൃഷ്ണകുമാർ; എന്തു തെറ്റ് ചെയ്തിട്ടാണ് വഴക്കെന്നു മുഖ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫ്; ഒ.സിയുണ്ടാക്കിയ പൊല്ലാപ്പ് തീർത്ത കഥ പറഞ്ഞ് കൃഷ്ണകുമാർ
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: തിരക്കേറിയ താരകുടുംബമാണ് സീരിയൽ താരം കൃഷ്ണകുമാറിന്റേത്. ഭാര്യയും മക്കളും നടൻ കൃഷ്ണകുമാറും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ഇതിനിടെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അക്കിടിയിൽ ചാടിച്ച ഓർമ്മ ഫെയ്‌സ്ബുക്കിൽ കൃഷ്ണകുമാർ പങ്കു വച്ചത്. ആ ഓർമ്മകൾ ഇങ്ങനെ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മകൾ ദിയയുടെ ചെല്ലപ്പേര് ഓസി എന്നാണ്. ഓസിയുടെ പേരൊപ്പിച്ച പണിയാണ് ഇപ്പോൾ കൃഷ്ണകുമാർ പറഞ്ഞിരിക്കുന്നത്. കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: ‘ഇതാണ് ഞങ്ങളുടെ വീട്ടിലെ ഓസി (Ozy). ദിയ എന്നാണെങ്കിലും ഓസി എന്ന ഓമനപേരിൽ ആണ് ഇപ്പോൾ അവൾ അറിയപ്പെടുന്നത്. ഈ ഒരു പേര് ലോകത്തു അധികമാർക്കും ഉണ്ടാവില്ലെന്നാണ് ഞങ്ങൾ കരുതിയത്. പ്രത്യേകിച്ചു കേരളത്തിൽ. വർഷങ്ങൾക്കു മുൻപു ഒരിക്കൽ ഷൂട്ടിംങിനായി ട്രെയിനിൽ (ചെയർ കാർ ) എറണാകുളത്തിക്ക് പോവുകയായിരുന്നു. കൊല്ലം എത്തിയപ്പോൾ ഏതോ വലിയ ഒരു രാഷ്ട്രീയ നേതാവ് ട്രെയിനിൽ കയറി.
ആകെ ഒരു ബഹളവും തിരക്കും. പോലീസും പേർസണൽ സ്റ്റാഫ് അംഗങ്കളും എല്ലാവരും ഉണ്ട്. നോക്കിയപ്പോൾ ശ്രീ ഉമ്മൻ ചാണ്ടി . അദ്ദേഹം ഇരുന്നത് എന്റെ പിന്നിലുള്ള സീറ്റിലും എന്റെ അടുത്ത് അദ്ദേഹത്തിന്റെ ഒരു സ്റ്റാഫും. ട്രെയിൻ കൊല്ലം സ്റ്റേഷൻ വിട്ടു മുന്നോട്ട് നീങ്ങി. ബഹളങ്ങൾ അടങ്ങി, ട്രയിൻ ശാന്തമായി. ഈ സമയം വീട്ടിൽ നിന്നും സിന്ധു മൊബൈലിൽ വിളിച്ചിട്ട് രണ്ടാമത്തെ മകളായ ഓസിയെയെപ്പറ്റി പരാതി. പറഞ്ഞാൽ കേൾക്കൂല, പഠിക്കുന്നില്ല അതു കൊണ്ട് ഫോണിലൂടെ എന്നോട് രണ്ടു വഴക്ക് പറയാൻ പറഞ്ഞു. അപ്പൊ ഞാൻ സിന്ധുവിനോട് പറഞ്ഞു നീ തന്നെ ‘ഓസിയെ’ പറഞ്ഞു മനസ്സിലാക്കു, ഞാനിപ്പോ വല്ലതും പറഞ്ഞാൽ ട്രെയിനിൽ എല്ലാവരും കേൾക്കും.
ഇത് പറഞ്ഞപ്പോൾ അടിത്തിരുന്ന സ്റ്റാഫ് അംഗം എന്നെ നോക്കി എന്ത് പറ്റിയെന്നു ചോദിച്ചു. ഞാൻ പറഞ്ഞു ഒന്നുമില്ല. ഈ സമയം സിന്ധു ഫോൺ ‘ഓസി’യുടെ കൈയ്യിൽ കൊടുത്തു.. ഞാൻ പതിഞ്ഞ സ്വരത്തിൽ ‘ ഡാ ഓസി വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ, ഞാനങ്ങോട്ട് വന്നാൽ രണ്ടെണ്ണം തരും..’ എന്ന് എന്തൊക്കയോ പറഞ്ഞു. കൃത്യമായി ഓർക്കുന്നില്ല. വീണ്ടും അദ്ദേഹം ചോദിച്ചു എന്താ പ്രശ്നം. ഈ സ്റ്റാഫിന്റെ ചോദ്യം എനിക്കൊരു സുഖക്കുറവുണ്ടാക്കി. ഞാനാലോചിച്ചു എന്റെ മകളോട് സംസാരിക്കുന്നതിൽ ഇയാൾക്കെന്താ പ്രശ്നം. ഈ സമയം ‘ഓസി’ ഫോണിൽ കൂടി എന്തോ പറഞ്ഞു വാശി പിടിക്കുന്നു. അന്നേരത്തെ ദേഷ്യത്തിൽ ‘ഓസിയെ’ ഞാനെന്തക്കയോ വഴക്ക് പറഞ്ഞു.
AC കൊച്ചായത് കൊണ്ട് പതുകെ പറഞ്ഞാലും എല്ലാവരും കേൾക്കുമല്ലോ. ഫോൺ വെച്ചപ്പോൾ വീണ്ടും ആ വ്യക്തി ചോദിച്ചു എന്തായിരുന്നു വിഷയം. ആരാ ഓസി.? ഈ സമയം പുറകിലും എന്റെ സംസാരവുമായി ബന്ധപെട്ടു എന്തോ നടക്കുന്നതായി മനസ്സിലായി. അടുത്തിരുന്ന വ്യക്തി സൗമ്യമായി ചോദിച്ചു.. മിനിസ്റ്ററേപ്പറ്റി മോശമായി സംസാരിച്ചത് കൊണ്ടാണ് എന്ത് പറ്റി എന്ന് ചോദിച്ചത്. ഞാൻ മിനിസ്റ്ററെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ, ഞാൻ എന്റെ മകളെ ആണ് ശാസിച്ചത്. മകളുടെ പേരെന്താ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ‘ഓസി ‘. പിന്നെ യാണ് ഞാൻ അറിയുന്നത് ചാണ്ടി സാറിന്റെ അടുത്ത വൃത്തങ്ങളിൽ Ommen Chandy എന്ന പേരിന്റെ ഷോർട് ഫോം ആയ OC എന്ന പേരിലാണ് വിളിക്കുന്നതെന്നു. കാര്യമറിഞ്ഞ ഉടനേ ഞാൻ എണീറ്റു പിന്നിൽ പോയി ചാണ്ടി സാറിനോട് കാര്യം പറഞ്ഞു.
അങ്ങക്ക് ഇങ്ങനെ ഒരു പേരുള്ളത് എനിക്കറിയില്ലായിരുന്നു എന്നും എന്റെ മകളുടെ പേരും OZY എന്നാണാണെന്നും അറിഞ്ഞപ്പോൾ കൂട്ടച്ചിരിയായി. ചാണ്ടി സർ തന്റെ സ്വതസിദ്ധമായ രീതിയിൽ കുറച്ചു നേരം ചിരിച്ച ശേഷം കുടുംബത്തെ പറ്റി ചോദിച്ചു, ഓസിയെ പറ്റി പ്രത്യേകിച്ചും. അദ്ദേഹത്തെ പരിചയപെടുന്നതും അങ്ങനെ ആയിരുന്നു. പിന്നീടൊരിക്കൽ അദ്ദേഹത്തിന്റെ മകൾ അച്ചുവിനോട് അവരുടെ ദുബൈയിലെ വീട് സന്ദർശിച്ച അവസരത്തിൽ ഈ കഥ ഞാൻ പറഞ്ഞിട്ടുണ്ട്. ചാണ്ടി സാറിനെ ടീവിയിൽ കാണുമ്‌ബോഴെല്ലാം ‘ഓസി’ കഥ ഓർമ വരും. രാഷ്ട്രീയ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ശ്രീ ഉമ്മൻ ചാണ്ടിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.’