
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്നെന്ന ജീവനക്കാരുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും.
എല്ലാത്തിനും കൃത്യമായ തെളിവ് നല്‍കിയിട്ടും പ്രതികള്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തത് ശരിയായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് നടൻ കൃഷ്ണകുമാർ പറഞ്ഞത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്നു എന്നാണ് കൃഷ്‌ണകുമാറിനും ദിയയ്‌ക്കുമെതിരെ മ്യൂസിയം പൊലീസ് ചുമത്തിയിരിക്കുന്ന വകുപ്പ്.
‘പണം കവർന്നത് കണ്ടെത്തിയതിന്റെ പിറ്റേദിവസം രാത്രി ഞങ്ങളെ ഉറങ്ങാൻ പോലും സമ്മതിച്ചിട്ടില്ല. സ്റ്റാഫും അവരുടെ ഭർത്താക്കന്മാരും വിളിച്ചുകൊണ്ടിരുന്നു. കഴിയുന്നത്രയും പണം അടുത്തദിവസം കൊണ്ടുവരാം കേസുകൊടുക്കരുത് എന്നായിരുന്നു പറഞ്ഞത്. രാവിലെ തന്നെ ഒത്തുതീർപ്പാക്കാൻ അവരെത്തി. എന്റെ വീട്ടുകാരും വന്നു. ഫ്ലാറ്റിന് താഴെ നിന്ന് സംസാരിക്കുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നത് കണ്ടതോടെയാണ് അച്ഛന്റെ ഓഫീസിലിരുന്ന് സംസാരിക്കാൻ തീരുമാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെയാണ് കാറില്‍ കയറി പോയതും. ഈ സമയത്ത് അവരെല്ലാം ചെയ്‌ത കുറ്റം സമ്മതിക്കുന്നുണ്ടായിരുന്നു. ഫ്ലാറ്റിന് താഴെ ഇവർ വന്നതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. കേസാക്കാതിരിക്കാൻ ഒമ്ബത് ലക്ഷം രൂപയാണ് അവർ എനിക്ക് നല്‍കിയത്. ബാക്കി പണം ഉടനെ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞു. പിറ്റേന്ന് രാത്രി വിളിച്ച് അവർ ഭീഷണിപ്പെടുത്തിയതോടെയാണ് അച്ഛൻ കേസ് കൊടുത്തത്. 69 ലക്ഷം രൂപയാണ് സ്ഥാപനത്തില്‍ നിന്ന് അവർ തട്ടിയെടുത്തത് ‘ – ദിയ കൃഷ്‌ണ പറഞ്ഞു.
‘ക്യു ആർ കോഡ് മാറ്റി പൈസ എടുക്കുന്നതിന്റെ വീഡിയോ തെളിവ് സഹിതം ഞങ്ങള്‍ നല്‍കി. ദിയയ്‌ക്കെതിരെ ഒരു തെളിവ് പോലും നല്‍കാൻ ജീവനക്കാർക്കായിട്ടില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് മോശം സമീപനമാണ് ഉണ്ടായത്. എന്റെ ജീവിതത്തിലാദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇത്ര വൈരാഗ്യപരമായി പെരുമാറുന്നത്. എല്ലാത്തിനും കൃത്യമായ തെളിവ് നല്‍കിയിട്ടും പ്രതികള്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തത് ശരിയായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട് ‘ – കൃഷ്‌ണകുമാർ പറഞ്ഞു.
‘ഒ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയില്‍ ഇന്ന് രാവിലെയാണ് കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. സാമ്ബത്തിക തട്ടിപ്പ് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്നെന്നാണ് പരാതി. ഇവർക്കെതിരെ രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് എടുത്തിരിക്കുന്നത്.