
കൃപേഷിന്റെ സ്വപ്ന വീട് സഫലം , പാലുകാച്ചൽ ചടങ്ങ് ഇന്ന് നടക്കും
സ്വന്തംലേഖകൻ
കോട്ടയം : പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങി. വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഇന്ന് നടക്കും. എറണാകുളം എം.എൽ.എ ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു വീട് നിർമ്മാണം. വെള്ളിയാഴ്ച രാവിലെ 11മണിക്കാണ് പാലു കാച്ചൽ ചടങ്ങ് നടക്കുന്നത്. ഹൈബി ഈഡൻ, കോൺഗ്രസ് നേതാക്കളായ രാജ്‌മോഹൻ ഉണ്ണിത്താൻ, ഹക്കിം കുന്നിൽ എന്നിവർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും. മൂന്നു കിടപ്പുമുറി, അടുക്കള, സെൻട്രൽ ഹാൾ, ഡൈനിങ് ഹാൾ ഉൾപ്പെടെ 1100 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലാണ് വീടിന്റെ നിർമാണം.
കൃപേഷിന്റെ അച്ഛന്റെ പേരിൽ പട്ടയംകിട്ടിയ ഭൂമിയിലാണ് വീടുയർന്നത്. തണൽ ഭവനപദ്ധതിയിലുൾപ്പെട്ട 30-ാമത്തെ വീടാണിത്. പ്രവാസി കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി ഈ വീടിനോടുചേർന്ന് കുഴൽക്കിണർ നിർമിച്ചുനൽകിയിട്ടുണ്ട്. കൃപേഷിന്റെ അച്ഛനും അമ്മയും സഹോദരികളും ഉൾപ്പെടെ കുടുംബം താമസിക്കുന്നത് കല്ല്യോട്ടുള്ള ഓലമേഞ്ഞ ഒറ്റമുറി വീട്ടിലാണ്. കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട ശേഷം വീട്ടിലെത്തിയവർക്ക് വേദന നൽകുന്നതായിരുന്നു ആ വീട്. അടച്ചൊറുപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങൾക്കിടയിലാണ് കൃപേഷ് കൊല്ലപ്പെടുന്നത്. ആ സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
