അയ്യപ്പനെതിരെ അധിക്ഷേപം: ബിന്ദുവും കനകദുർഗയും നവോദ്ധാന നായികമാർ; മാഗസീന് പിന്നിൽ എസ്.എഫ്.ഐക്കാർ; പ്രതിഷേധം ശക്തമായതോടെ മാഗസിൻ പിൻവലിച്ച് തലയൂരി കോളജ് അധികൃതർ
സ്വന്തം ലേഖകൻ
കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശബരിമല തിരിച്ചടിച്ച് ആലപ്പുഴയിൽ മാത്രം ഒതുങ്ങിയിട്ടും എസ്.എഫ്.ഐക്കാരുടെ നവോദ്ധാനത്തിന് ഒരുകുറവുമില്ല. ശബരിമലയെ കുറിച്ച് അപകീർത്തികരമായ പരാമർശങ്ങളടങ്ങിയ ലേഖനങ്ങൾ ഉൾപ്പെടുത്തിയതായി ആരോപണമുയർന്ന മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മാഗസീനാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സംഭവം വിവാദമാകുകയും എബിവിപിയും വിവിധ ഹിന്ദു സംഘടനകളും പ്രതിഷേധവുായി രംഗത്ത് എത്തുകയും ചെയ്തതോടെ കോളേജ് മാഗസിൻ പിൻവലിക്കാൻ തീരുമാനിച്ചു. നടപടികൾ സ്വീകരിച്ചു വരുന്നതായി കോളേജ് അധികൃതർ. ശബരിമലയേയും അയ്യപ്പനെയും അപകീർത്തിപ്പെടുത്തുന്ന ചില രചനകളും, ബിന്ദു കനകദുർഗ്ഗ എന്നിവരെ നവോത്ഥാന നായികമാരായി മാഗസിനിൽ ചിത്രീകരിച്ചിരിക്കുന്നതായും, ഇത് ഹൈന്ദവ വിശ്വാസികളെ അപമാനിക്കുന്നതാണെന്നുംആരോപിച്ചാണ് പ്രതിഷേധം ഉയർന്നത്.
വിദ്യാർത്ഥികളെ കൊണ്ട് മനഃപൂർവം ഇത്തരം ലേഖനങ്ങൾ എഴുതിപ്പിച്ച് മാഗസിൻ എംഎ കോളേജ് മാനേജ്മെന്റ് മാഗസിൻ ഇറക്കിയെന്ന് കെ പി ശശികല ടീച്ചറും ആരോപിച്ചിരുന്നു. മാഗസിൻ വിവാദം പുതിയ മാനങ്ങളിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ‘ആന കേറാമല, ആട് കേറാ മല ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന പേരിൽ പുറത്തിറക്കിയ മാഗസിൻ പിൻവലിക്കുന്നതായി കോളേജ് അധികൃതർ സാമൂഹി ക മാധ്യമങ്ങൾ വഴി അറിയിപ്പ് പുറത്തുവിട്ടിട്ടുള്ളത്. 2017-18 ലെ കോളേജ് മാഗസിനിൽ വന്നിരിക്കുന്ന ചില പരാമർശങ്ങൾ കോളേജിന്റെ ആശയങ്ങൾക്കും കാഴ്ച്ചപ്പാടുകൾക്കും നിരക്കാത്തതായതിനാൽ മാഗസിൻ പിൻവലിക്കുന്നതായി പ്രിൻസിപ്പൽ ഡോ. മാത്യു കെ വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയിൽ സ്ത്രീകൾ കയറിയതിനെ നവോത്ഥാനമായും മലകയറിയ ബിന്ദുവിനേയും കനകദുർഗ്ഗയെയും നവോത്ഥാന നായികമാരായി ഉയർത്തിക്കാട്ടുകയും സ്ത്രീകളെ അപമാനിച്ച മീശ എന്ന നോവലിനെ മഹത്വവത്കരിച്ചതിനെതിരെയുമാണ് എബിവിപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പതിറ്റാണ്ടുകളുടെ ചരിത്രംപേറുന്ന കോതമംഗലത്തിന്റെയും കേരളത്തിന്റെയും വിദ്യാഭ്യാസചരിത്രത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള, ജാതി-മത-രാഷ്ട്രീയഭേദമന്യേ എല്ലാവരെയും ഒരുപോലെ പരിഗണിച്ചിട്ടുള്ള, എല്ലാവിശ്വാസങ്ങളെയും മാനിക്കുകയും ചെയ്ത, എംപി. വർഗീസ് സർ പടുത്തുയർത്തിയ ഈകലാലയത്തിന്റെ ഇപ്പോഴത്തെ മാനേജ്മെന്റും എഡിറ്റോറിയൽ ബോർഡും ശബരിമലയെയും അതിന്റെ വിശ്വാസങ്ങളെയും അപമാനിക്കുന്ന എസ്എഫ്ഐയുടെ നിലപാടാണ് ഇതിലൂടെ സ്വീകരിച്ചിരിക്കുന്നതെന്ന് എബിവിപി ആരോപിച്ചു.
കോളേജ് മാനേജ്മെന്റ് മാഗസിൻ പിൻവലിച്ച് വിശ്വാസിസമൂഹത്തോട് മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപംനൽകുമെന്നും എബിവിപി അറിയിച്ചു.
എംഎ എഞ്ചിനിയറിങ് കോളേജ് യൂണിയന്റെ പേരിൽ പുറത്തിറക്കിയ കോളേജ് മാഗസിനിൽ ശബരിമല ശ്രീധർമ്മശാസ്താവിനെയും ഹൈന്ദവവിശ്വാസപ്രമാണങ്ങളെയും തരംതാണരീതിയിലും നീചമായിചിത്രീകരിച്ചതിലും അധിക്ഷേപിച്ചതിലും ബിജെപി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ശബരിമലയെ തകർക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ഹീനമായനീക്കങ്ങളുടെ ഭാഗമായി ഇടത്വിദ്യാർത്ഥി സംഘടനകളെയും കുട്ടിസ ഖാക്കളെയും സ്റ്റാഫ് യൂണിയനുകളുടെയും ഉപയോഗിച്ച്, സമാധാനത്തിനും മതസൗഹാർദ്ദത്തിനും പേരുകേട്ട ഒരു പ്രദേശത്തെ കലാപകലുഷിതമാക്കാൻ ശ്രമിക്കുന്നതിനുപിന്നിൽ ഗൂഢാലോചന നടന്നിട്ടുള്ളതായി ബിജെപി ആരോപിച്ചു. കാലങ്ങളായി മാർ അത്തനേഷ്യസ് കോളേജിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തെ നിയന്ത്രിക്കുന്ന സ്ഥലം എംഎൽഎ അറിയാതെ ഇത്തരത്തിലുള്ള മാഗസിൻ പുറത്തിറക്കാൻ സാധിക്കില്ലെന്നും ബിജെപി നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു.