
തിരുവനന്തപുരം: കസേരയൊഴിഞ്ഞ് ആറുമാസമായിട്ടും കെ പി സി സിയുടെ വെബ്സൈറ്റില്‍ കെ സുധാകരൻ തന്നെ ഇപ്പോഴും അധ്യക്ഷൻ. സംഘടനയുടെ ‘പ്രസിഡന്റ്’ കെ.സുധാകരന്റെ മുഴുവൻ വിവരവും നല്‍കിയിട്ടുണ്ട് എന്ന് മാത്രമല്ല, സൈറ്റിലെ കവർ ചിത്രങ്ങളില്‍ ഇപ്പോഴത്തെ അധ്യക്ഷൻ സണ്ണി ജോസഫിന്റെ പൊടി പോലുമില്ലെന്നതും ശ്രദ്ധേയം.
ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലപ്പത്ത് തലകള്‍ പലതും മാറിവന്നെങ്കിലും കെ പി സി സി പ്രസിഡന്റിനെ ‘മാറ്റി സ്ഥാപിക്കാൻ’ ആരും തയാറായിട്ടില്ല.
അപ്ഡേറ്റാകാത്ത സൈറ്റ് സോഷ്യല്‍ മീഡിയയില്‍ അടക്കം പരിഹാസപ്പോസ്റ്റുകളായി ചർച്ചക്കെത്തിയിട്ടുണ്ട്. 2021 ഇല് അധ്യക്ഷനായപ്പോഴാണ് കെ പി സി സി വെബ്സൈറ്റില്‍ കെ സുധാകരൻ അധ്യക്ഷനായി സ്ഥാനംപിടിച്ചത്.
2025 മെയ് 8 ന് സണ്ണി ജോസഫ് അധ്യക്ഷനായെത്തി. എന്നാല്‍, ‘ബീഹാർ – ബീഡി’ വിവാദം അടക്കം ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിഷയങ്ങളിലെല്ലാം കൃത്യമായി ഇടപെടുന്ന ഡിജിറ്റല്‍ മീഡിയ വിഭാഗം ഇതറിഞ്ഞിട്ടില്ല എന്നാണ് വെബ്സൈറ്റ് ഡാറ്റ സൂചിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെപിസിസി വെബ്സൈറ്റിന്റെ അവസ്ഥയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ കീഴിലുള്ള https://www.iyc.in/our-leadership എന്ന വെബ്സൈറ്റിനും ഉള്ളത്. കോളിളക്കമുണ്ടാക്കിയ ‘കേരള യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി’ വിവാദത്തില്‍ തങ്ങള്‍ തലയിടാനില്ല എന്ന മട്ടിലാണ് ഈ വെബ്സൈറ്റ്. കേരളത്തിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനേയില്ല എന്ന രീതിയില്‍ ഒരു വിവരങ്ങളും ഇതില്‍ ലഭ്യമല്ല.
യൂത്ത് കോണ്‍ഗ്രസ് മുൻ പ്രസിഡന്റിനെ കുറിച്ചോ നിലവിലെ പ്രസിഡന്റിനെ കുറിച്ചോ സൈറ്റില്‍ പറഞ്ഞിട്ടില്ല. മറ്റെല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമടക്കമുള്ള വിവരങ്ങള്‍ സൈറ്റ് പങ്കുവെക്കുമ്ബോള്‍, കേരളത്തിന് അങ്ങനെയൊരു കോളം പോലും ഇല്ല എന്നതാണ് സൈറ്റില്‍ കാണിക്കുന്നത്.



