
തിരുവനന്തപുരം: ജംബോ പുനഃസംഘടനയ്ക്ക് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ അമർഷവും അതൃപ്തിയും പടരുന്നത് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ കുഴക്കി.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ഇതുയർത്തുന്ന തീയും പുകയും ആളിക്കത്താതെ നോക്കാനുള്ള പെടാപ്പാടിലാണ് ആവർ. കെ.പി.സി.സി സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ് പുനഃസംഘടനയില്‍ എല്ലാം ശരിയാക്കാമെന്ന ഉറപ്പും പാഴാവുന്ന സ്ഥിതിയാണ്.
ഈഴവ, പട്ടികവിഭാഗങ്ങളെ തഴഞ്ഞതിലും വെട്ടിനിരത്തിയതിലും അമർഷം ശക്തമാണ്. ചാണ്ടി ഉമ്മനെ തഴഞ്ഞതില്‍ ഓർത്തഡോക്സ് സഭയും രംഗത്തെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടന്ന ശബരിമല സംരക്ഷണ പ്രചാരണ ജാഥകളുടെ പന്തളത്തെ സമാപനസമ്മേളനം അലങ്കോലമാവുമെന്ന പ്രചരണങ്ങള്‍ നേതൃത്വത്തെ വെള്ളം കുടിപ്പിച്ചു. കാസർകോട് നിന്നാരംഭിച്ച ജാഥയുടെ ക്യാപ്റ്റനായ കെ.മുരളീധരൻ വെള്ളിയാഴ്ച വൈകിട്ട് ജാഥ ചെങ്ങന്നൂരിലെത്തിയ ശേഷം മിണ്ടാതെ ഗുരുവായൂരിലേക്ക് പോയി. തുലാം ഒന്നായ ഇന്നലെ ഗുരുവായൂർ ക്ഷേത്ര ദർശനമായിരുന്നു ലക്ഷ്യമെങ്കിലും, കെ.പി.സി.സി പുനഃസംഘടനയില്‍ അമർഷമുള്ള അദ്ദേഹം പന്തളത്തെ സമാപനസമ്മേളനം ബഹിഷ്കരിച്ചതാണെന്ന പ്രചാരണം ശക്തമായി. മുരളീധരന്റെ മൗനവും അതിന് ആക്കംകൂട്ടിയതോടെ, നേതൃത്വം നെട്ടോട്ടത്തിലായി.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, പി.സി.വിഷ്ണുനാഥ്, എ.പി. അനില്‍കുമാർ എന്നിവരും, കൊടിക്കുന്നില്‍ സുരേഷും അദ്ദേഹത്തെ മൊബൈല്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ട് അനുനയത്തിന് ശ്രമിച്ചു. ഒടുവില്‍, ഇന്നലെ ഉച്ചയോടെയാണ് സമാപന സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് മുരളി സമ്മതിച്ചത്.