
സ്വന്തം ലേഖകൻ
തിരുവനന്തപുരം :പ്രതാപചന്ദ്രന്റെ മരണ കാരണം അപവാദ പ്രചാരണമാണെന്ന് അദ്ദേഹത്തിന്റെ മക്കളുടെ ആരോപണം. മക്കളായ പ്രജിത്ത്, പ്രീതി എന്നീവരാണ് ഡിജിപിക്ക് പരാതി നല്‍കിയത്.കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശന്‍ എന്നിവരുടെ പേര് പരാതിയിലുണ്ട്. ഡിജിപിക്കു പുറമെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കുടുംബം പരാതി നല്‍കി.
2022 ഡിസംബര്‍ 20നാണ് പ്രതാപചന്ദ്രന്‍ അന്തരിച്ചത്. സമുന്നത കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ പ്രസിഡന്റും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന എസ്. വരദരാജന്‍ നായരുടെ മകനാണ് പ്രതാപചന്ദ്രന്‍.
കെപിസിസിയുടെ ഫണ്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുണ്ടായ പ്രചാരണം പ്രതാപചന്ദ്രന് അപകീര്‍ത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നാണു മക്കളുടെ പരാതിയില്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കാന്‍ പ്രതാപചന്ദ്രന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയായിരുന്നു ആക്‌സ്മികമായ അന്ത്യം സംഭവിച്ചത് കെപിസിസിയുടെ ഫണ്ട് കട്ടുമുടിക്കുന്നു എന്ന തരത്തില്‍ ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച വാര്‍ത്ത പ്രതാപചന്ദ്രന് അപകീര്‍ത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.
ഈ അപവാദ പ്രചാരണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശികളായ പ്രമോദ് ,രമേശന്‍ എന്നീവര്‍ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കാന്‍ പ്രതാപചന്ദ്രന്‍ മരിക്കുന്നതിന് മുൻപ് തീരുമാനിച്ചിരുന്നതായി മക്കള്‍ പറഞ്ഞു. ഇതിനായി തലസ്ഥാനത്തെ ഒരു വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നു.പരാതി നല്‍കുന്ന കാര്യം കെപിസിസി അദ്ധ്യക്ഷനെ അറിയിച്ചിരുന്നതായും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട് .
ആരോപണ വിധേയരായ പ്രമോദും രമേശും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ്.പ്രതാപചന്ദ്രനെ ഓഫീസില്‍ വച്ച് പ്രമോദ് എന്നയാള്‍ നിരന്തരം ആക്ഷേപിച്ചിരുന്നു . ഇത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു.
മരണത്തിന് കാരണക്കാരനായവരെ നീതിപൂര്‍വ്വമായ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ മക്കളുടെ ആവശ്യം. കെപിസിസി ട്രഷറര്‍ എന്ന നിലയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്ന അഡ്വക്കേറ്റ് വി പ്രതാപചന്ദ്രന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ജനകീയനാണ്.