മലയാളികൾക്ക് തീരാവേദന സമ്മാനിച്ച് ഫെബ്രുവരി 22; മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായിരുന്ന കെപിഎസി ലളിത അരങ്ങൊഴിഞ്ഞത് ഇതേ ദിവസമായിരുന്നു; ഇപ്പോൾ നടിയും അവതാരകയുമായ സുബി സുരേഷും..!  അപ്രതീക്ഷിത നഷ്ടങ്ങളിൽ കണ്ണീരണിഞ്ഞ്  മലയാളികൾ…!

മലയാളികൾക്ക് തീരാവേദന സമ്മാനിച്ച് ഫെബ്രുവരി 22; മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായിരുന്ന കെപിഎസി ലളിത അരങ്ങൊഴിഞ്ഞത് ഇതേ ദിവസമായിരുന്നു; ഇപ്പോൾ നടിയും അവതാരകയുമായ സുബി സുരേഷും..! അപ്രതീക്ഷിത നഷ്ടങ്ങളിൽ കണ്ണീരണിഞ്ഞ് മലയാളികൾ…!

സ്വന്തം ലേഖകൻ

അപ്രതീക്ഷിത നഷ്ടങ്ങള്‍ കൊണ്ട് മലയാളികളെ കണ്ണീരിലാഴ്ത്തുന്ന ദിനമായി മാറുകയാണ് ഫെബ്രുവരി 22. മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായിരുന്ന കെപിഎസി ലളിത അരങ്ങൊഴിഞ്ഞത് ഇതേ ദിവസമായിരുന്നു. കെപിഎസി ലളിതയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലാണ് മലയാളികളെ ഞെട്ടിച്ച് സുബി സുരേഷും വിട പറഞ്ഞത്.

മലയാളികളെ ഒന്നാകെ ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. അഭിനയ വിസ്മയം എന്ന വിശേഷണത്തിന് ലളിതയോളം വലിയ ഉദാഹരണങ്ങള്‍ ഒന്നുമില്ല. നായികാ കഥാപാത്രത്തെ ഒരിക്കലും ആഗ്രഹിക്കാതെ കിട്ടിയ കഥാപാത്രങ്ങളെ അതിന്റെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരം. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ച് എത്തിയത്. പലരും വാക്കുകള്‍ പോലും കിട്ടാതെയാണ് തങ്ങളുടെ പ്രിയ കാലാകാരിയെ കുറിച്ച് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയുടെ മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു കെപിഎസി ലളിതയുടെ നില അതീവ ഗുരുതരമാകുന്നത്. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് താരത്തെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തിരികെയെത്തിയ കെപിഎസി ലളിത മകന്‍ സിദ്ധാര്‍ത്ഥിനൊപ്പം തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലായിരുന്നു കഴിഞ്ഞിരുന്നത്. അവിടെ വെച്ചായിരുന്നു മരണം സംഭവിച്ചത്.

അമ്മ കഥാപാത്രങ്ങളും ചേച്ചി കഥാപാത്രങ്ങളുമാണ് താരം കൂടുതല്‍ ചെയ്തിട്ടുള്ളത്. താരത്തിന്റെ പല കഥാപാത്രങ്ങളും ഇപ്പോഴും മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നു. പ്രായത്തില്‍ കവിഞ്ഞ കഥാപാത്രങ്ങളെ പോലും പക്വതയോടെ അഭിനയിക്കാന്‍ കഴിയുന്ന ചുരുക്കം ചില അഭിനേത്രികളില്‍ ഒരാള്‍ കൂടിയാണ് കെപിഎസി ലളിത.

നാടകമായിരുന്നു ആദ്യ തട്ടകം. ഏറ്റവും ദൂരെ നിന്നുകൊണ്ടു കാണുന്ന പ്രേക്ഷകനു പോലും അരങ്ങിലെ അഭിനേതാവിന്റെ ശബ്‍ദം കേള്‍ക്കണം. സാങ്കേതിക ഉപകരണങ്ങളുടെ സഹായം ഉണ്ടെങ്കിലും ശബ്‍ദത്തിലെ ഭാവം പ്രേക്ഷകനിലേക്ക് എത്തിക്കണമെങ്കിലും അതിന് പ്രതിഭ തന്നെ വേണം. അങ്ങനെ അരങ്ങില്‍ തെളിഞ്ഞതുകൊണ്ടുമാവാം കെപിഎസി ലളിതയുടെ ‘പറച്ചിലു’കള്‍ക്ക് മാത്രമായും ഒരു കഥാപാത്രത്തെ അവിസ്‍മരണീയമാക്കാനായിരുന്നത്. അങ്ങനെ ഭാവപൂര്‍ണതയിലുള്ള ‘പറച്ചിലു’കള്‍ക്കൊപ്പം മുഖവും ശരീരമൊന്നാകെയുമുള്ള വേഷപകര്‍ച്ചകളോടെയും കെപിഎസി ലളിത അവിസ്‍മരണീയമാക്കിയ കഥാപാത്രങ്ങളെ ഒറ്റ ആലോചനയില്‍ എണ്ണിതീര്‍ക്കാനാവില്ല. പ്രണയവും ദേഷ്യവും നിസഹായതയും വീര്യവും പ്രതീക്ഷയും അസൂയയും കുശുമ്പുമൊക്കെയുള്ള വികാരങ്ങളും കഥാസന്ദര്‍ഭങ്ങളുമൊക്കെ കെപിഎസി ലളിത സംസാരത്തിന്റെ തനത് ക്രമപ്പെടുത്തലുകളിലൂടെയാണ് അവതരിപ്പിച്ച് വിസ്‍മയിക്കാറുള്ളത്.

തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

മൂളലുകള്‍ കൊണ്ടും പിറുപിറുപ്പുകള്‍ കൊണ്ടുപോലും എത്രയോ കഥാസന്ദര്‍ഭങ്ങളെ കെപിഎസി ലളിത അവിസ്‍മരണിയമാക്കിയിടുണ്ട്. ഓരോ കഥാപാത്രവും ആവശ്യപ്പെടുന്നതിനുസരിച്ചോ അത് തന്റേതാക്കി മാറ്റുന്നതിനോ അറിയാതെന്ന പോലെ നീട്ടലും മുറുക്കലും ചേര്‍ത്തുള്ള സംഭാഷണ ശൈലിയാണ് കെപിഎസി ലളിത സ്വീകരിക്കാറുള്ളത്. ‘ഗാന്ധിനഗര്‍ സെക്കൻഡ് സ്‍ട്രീറ്റി’ലെ ‘ഭാരതി’, ‘മനസ്സിനക്കരെ’യിലെ ‘കുഞ്ഞുമറിയ’, ‘അമര’ത്തിലെ ‘ഭാര്‍ഗവി’, ‘സ്‍ഫടിക’ത്തിലെ ‘മേരി’, ‘വീണ്ടും ചില വീട്ടുകാര്യങ്ങളി’ലെ ‘മേരിക്കുട്ടി’ തുടങ്ങിയ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ വെറുതെയൊന്ന് ഓര്‍ത്താല്‍ കെപിഎസി ലളിതയുടെ ശബ്‍ദാഭിനയവും മനസില്‍ തെളിയും.

അടൂര്‍ ഗോപാലകൃഷ്‍ണൻ ‘മതിലുകളി’ല്‍ തന്റെ നായികയായി കണ്ടെത്തിയതും കെപിഎസി ലളിതയുടെ ശബ്‍ദത്തേയായിരുന്നു. മമ്മൂട്ടിയുടെ നായിക കഥാപാത്രമായ ‘നാരായണി’യുടെ രൂപം സ്‍ക്രീനില്‍ ഇല്ല. ശബ്‍ദം മാത്രം കേള്‍ക്കുന്നു. ശബ്‍ദം കൊണ്ട് മാത്രം കഥാപാത്രത്തെ പ്രേക്ഷക മനസിലേക്ക് എത്തിക്കാൻ കെപിഎസി ലളിതയ്‍ക്കായി എന്നത് വിദേശമേളകളില്‍ നിന്നടക്കം കിട്ടിയ അഭിനന്ദനങ്ങള്‍ സാക്ഷ്യം.

കെപിഎസി ലളിതയുടേതായി ‘ഭീഷ്‍മ പര്‍വം’, ‘ഒരുത്തീ’ എന്നീ ചിത്രങ്ങള്‍ അവരുടെ മരണശേഷം പ്രദര്‍ശനത്തിനെത്തിയിരുന്നു. മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം. അനാരോഗ്യത്തെ വകവയ്‍ക്കാതെയും കഥാപാത്രങ്ങളെ അവര്‍ ഇരുംകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടേയിരുന്നതും അതുകൊണ്ടാണ്.

അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം ഗോഡ്ഫാദര്‍സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി.

സ്റ്റേജ് പരിപാടികളില്‍ പുരുഷന്മാര്‍ പെണ്‍വേഷം കെട്ടിയ കാലത്ത് വേദിയില്‍ നേരിട്ടെത്തി വിസ്മയിപ്പിച്ച മിന്നും താരമായിരുന്നു സുബി. തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം. സുബിയെ ജനപ്രിയ താരമാക്കി മാറ്റിയത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സിനിമാല പരിപാടി ആയിരുന്നു. അക്കാലത്തെ കോമഡി കിംഗുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ക്കൊപ്പം നിറഞ്ഞാടാൻ സുബിക്ക് സാധിച്ചു. ബ്രേക്ക് ഡാൻസര്‍ ആകണമെന്നായിരുന്നു കൗമാരക്കാലത്ത് സുബിയുടെ മോഹം. പക്ഷേ, ഒരു നര്‍ത്തകിയുടെ ചുവടുകളെക്കാള്‍ സുബിയുടെ വര്‍ത്തമാനത്തിലെ ചടുലതയാണ് വേദികളില്‍ കൈയടി നേടിയത്. കൃത്യമായ ടൈമിംഗില്‍ കൗണ്ടറുകള്‍ അടിക്കാനുള്ള കഴിവ് സുബിയെ സ്റ്റേജിലെ മിന്നും താരമാക്കി മാറ്റി.

കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സുബിയുടെയും മരണം. ഏറെ നാളായി ചികില്‍സയിലായിരുന്നു. കരള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് കരള്‍ മാറ്റിവയ്ക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവര്‍ത്തകര്‍ ഇന്നലെ ആശുപത്രിയില്‍ സുബിയെ സന്ദര്‍ശിച്ചിരുന്നു. വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണ് നിലവില്‍ സുബി താമസിച്ചിരുന്നത്. മൃതദേഹം രാജഗിരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് സംസ്കാരം നടക്കും.