play-sharp-fill
കെപിഎസി ലളിത, പ്രതാപ് പോത്തന്‍, ലതാ മങ്കേഷ്‍കര്‍, കൊച്ചു പ്രേമന്‍.., ‘2022’ൽ മലയാളിയെ കണ്ണീരിലാഴ്ത്തിയ തീരാനഷ്ടങ്ങൾ

കെപിഎസി ലളിത, പ്രതാപ് പോത്തന്‍, ലതാ മങ്കേഷ്‍കര്‍, കൊച്ചു പ്രേമന്‍.., ‘2022’ൽ മലയാളിയെ കണ്ണീരിലാഴ്ത്തിയ തീരാനഷ്ടങ്ങൾ

സിനിമ ലോകത്തിന് തന്നെ തീരാത്ത നഷ്ടമുണ്ടാക്കിയാണ് 2022 മടങ്ങുന്നത്. വെള്ളിത്തിരയിൽ വിസ്മയം തീർത്ത കെപിഎസി ലളിതയും കൊച്ചു പ്രേമനും മുതല്‍ ഇന്ത്യൻ സംഗീതത്തിന്റെ മാധുര്യം ലതാ മങ്കേഷ്‍കറും ബോളിവുഡിന്റെ പ്രിയ ഗായകൻ കെകെയടക്കമുള്ള ഒട്ടേറെ പ്രതിഭകളാണ് ഈ ജീവിതത്തില്‍ നിന്ന് മടങ്ങിയത്.പ്രേക്ഷകര്‍ സ്വന്തം ഹൃദയത്തിലേറ്റിയ ചിലരെ കാലം മടക്കിവിളിച്ച ദിവസങ്ങള്‍.

മലയാളത്തിന്റെ കലണ്ടറില്‍ മരണത്തിന്റെ കറുപ്പ് പടര്‍ന്ന ദിവസമാണ് 2022 ഫെബ്രുവരി 22. മലയാളത്തിന്റെ പ്രിയപ്പെട്ട കെപിഎസി ലളിത പ്രേക്ഷകരോട് വിട പറഞ്ഞ ദിനം. മരണം വരെ കലാരംഗത്ത് സജീവമായിരുന്നു കെപിഎസി ലളിത.

മഹേശ്വരിയമ്മ എന്ന കെപിഎസി ലളിത നാടകരംഗത്തിലൂടെയാണ് ആദ്യം കലാലോകത്ത് വരവറിയിച്ചത്. കടയ്‍ക്കത്തറല്‍ വീട്ടില്‍ കെ അനന്തൻ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായ കെപിഎസി ലളിത 10 വയസുള്ളപ്പോഴേ നാടകത്തില്‍ അഭിനയിച്ചുതുടങ്ങി. കെപിഎസിയില്‍ ചേര്‍ന്ന ശേഷം നാടകഗ്രൂപ്പിന്റെ പേരും ചേര്‍ത്ത് ലളിതയായി. തോപ്പിൽ ഭാസിയുടെ ‘കൂട്ടുകുടുംബത്തിലൂടെ’യാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. പിന്നീടങ്ങോട്ടുള്ളത് മലയാള സിനിയുടെ കൂടി ചരിത്രമാണ്. ‘സ്വയംവരം’, ‘അനുഭവങ്ങൾ പാളിച്ചകൾ’, ‘ചക്രവാളം’, ‘കൊടിയേറ്റം’, ‘സന്മനസ്സുള്ളവർക്ക് സമാധാനം’, ‘പൊൻ മുട്ടയിടുന്ന താറാവ്’, ‘വടക്കുനോക്കി യന്ത്രം’, ‘ഗോഡ് ഫാദർ’, ”ശാന്തം’, ‘അമരം’, ‘സന്ദേശം’, ‘നീല പൊൻമാൻ’ അങ്ങനെ നീളുന്നു ‘കെപിഎസി’ ലളിത അഭിനയിച്ച് വിസ്‍മയിപ്പിച്ച ചിത്രങ്ങള്‍. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡുകള്‍ രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്. 1991ല്‍ ‘അമരം’ എന്ന ചിത്രത്തിലൂടെയും 2000ത്തില്‍ ‘ശാന്തം’ എന്ന ചിത്രത്തിലൂടെയുമായിരുന്നു കെപിഎസി ലളിത മികച്ച രണ്ടാമത്തെ നടിയായത്. നാല് തവണയാണ് കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ രണ്ടാമത്തെ നടിയായി കെപിഎസി ലളിത തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊണ്ണൂറ്റിരണ്ടാം വയസിലും ശബ്‍ദത്തിന്റെ കാര്യത്തില്‍ മധുര പതിനേഴുകാരിയായിരുന്ന ലതാ മങ്കേഷ്‍കർ വിടപറഞ്ഞതും 2022 ലാണ് . ഫെബ്രുവരി ആറിനായിരുന്നു ലതാ മങ്കേഷ്‍കര്‍ ഓര്‍മകളിലേക്ക് മാറിയത്. ജീവിതത്തില്‍ നിന്ന് മടങ്ങിയെങ്കിലും എണ്ണിയാലൊടുങ്ങാത്തതെന്ന പോലുള്ള മധുര ഗാനങ്ങള്‍ ലത മങ്കേഷ്‍കര്‍ പ്രേക്ഷകര്‍ക്കായി ബാക്കിവെച്ചിരിക്കുന്നു. ‘കദളി. ചെങ്കദളി’ എന്ന ഒരൊറ്റ ഗാനം മതി ആ ശബ്‍ദം മലയാളികളുടെ കേള്‍വിയില്‍ ഓര്‍മയായി എത്താൻ. രാമു കാര്യാട്ടിന്റെ നെല്ലെന്ന ചിത്രത്തിന് സലില്‍ ചൗധരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‍കര്‍ ആ ഗാനം ആലപിച്ചത്. ഒരൊറ്റ ഗാനം മാത്രമായിരുന്നു മലയാളത്തില്‍ ആലപിച്ചതെങ്കിലും ലതാ മങ്കേഷ്‍കര്‍ സ്വന്തമെന്ന പോലെയാണ് മലയാളിക്ക്. ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെട്ട ഗായികയെ രാജ്യം അര്‍ഹിക്കുന്ന തരത്തില്‍ ആദരിച്ചിട്ടുമുണ്ട്. 1969ല്‍ രാജ്യം പത്മഭൂഷൺ നല്‍കി ലതയെ ആദരിച്ചു. 1989ല്‍ ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌ ലഭിച്ചു. 1999ല്‍ പത്മവിഭൂഷൺ. നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയ ലതയ്‍ക്ക് മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. സംഗീത സംവിധായികയായും മികവ് കാട്ടിയ ലതാ മങ്കേഷ്‍കറെ 2001ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‍നം നല്‍കി ആദരിച്ചു.

കെകെ എന്ന ചുരുക്കപ്പേരില്‍ ആസ്വാദകര്‍ ഏറ്റെടുത്ത ഗായകൻ കൃഷ്‍ണകുമാര്‍ കുന്നത്ത് 2022ന്റെ നൊമ്പരമായി. ഒരു കോളേജില്‍ മെയ് 31ന് പ്രോഗ്രാം അവതരിപ്പിച്ചതിനുശേഷം കുഴഞ്ഞുവീണായിരുന്നു കെ കെ അന്തരിച്ചത്. മലയാളിയായ കെകെ ബഹുഭാഷ ഗായകനായി ഇന്ത്യൻ ചലച്ചിത്രലോകത്ത് തിളങ്ങിനിന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ്, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളിലെല്ലാം കെകെയുടെ ശബ്‍ദത്തില്‍ ഹിറ്റ് ഗാനങ്ങള്‍ പിറന്നു. 1999ലെ ലോകകപ്പില്‍ ഇന്ത്യൻ ടീമിനായി പാടിയ ‘ജോഷ് ഓഫ് ഇന്ത്യ’ എന്ന ഗാനവും കെകെയുടേതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിന്റെ ഇതിഹാസ ചലച്ചിത്രകാരൻമാരില്‍ ഒരാളായ ജോണ്‍ പോളും 2022ല്‍ ഏപ്രില്‍ 23ന് വിടവാങ്ങി. സമാന്തര – വാണിജ്യ സിനികമളില്‍ ഒരുപോലെ വിജയം കണ്ട ചലച്ചിത്രകാരനാണ് ജോണ്‍ പോള്‍. ‘കാതോടു കാതോരം’, ‘കാറ്റത്തെ കിളിക്കൂട്’, ‘യാത്ര’, ‘മാളൂട്ടി’, ‘അതിരാത്രം’, ‘ഓർമയ്ക്കായ്’, ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ’, ‘ആലോലം’, ‘അവിടത്തെപ്പോലെ ഇവിടെയും’, ‘ഈ തണലിൽ ഇത്തിരിനേരം’, ‘ഈറൻ സന്ധ്യ’, ‘ഉണ്ണികളെ ഒരു കഥ പറയാം’, ‘ഉത്സവപ്പിറ്റേന്ന്’, ‘പുറപ്പാട്’, ‘കേളി’, ‘ചമയം’, ‘ഒരു യാത്രാമൊഴി’ തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺ പോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്.

മലയാളത്തില്‍ മധ്യവര്‍ത്തി സിനിമകളുടെ വക്താവായ പ്രതാപ് പോത്തന്റെ 2022 ജൂണ്‍ 15ന് വിടവാങ്ങി . പ്രതാപ് പോത്തനെ ചെന്നൈയിലെ സ്വന്തം ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയാിരുന്നു. തന്റെ ആദ്യ സിനിമയായ ‘ആരവ’ത്തിലെ ‘കൊക്കരക്കോ’ എന്ന കഥാപാത്രമായി 1978ല്‍ മലയാളത്തില്‍ വരവറിയിച്ച കലാജീവിതമാണ് പ്രതാപ് പോത്തന്റേത്. തൊട്ടടുത്ത വര്‍ഷം ‘തകര’ എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രവുമായി വിസ്‍യമയിപ്പിച്ചു. തുടര്‍ന്ന് ‘ലോറി’, ‘ചാമരം’, ‘പപ്പു’, തുടങ്ങി ഒട്ടേറെ സിനിമകളില്‍ നടനായി തിളങ്ങിയ ശേഷം അധികംവൈകാതെ സംവിധായകത്തൊപ്പിയുമണിഞ്ഞു പ്രതാപ് പോത്തൻ. പ്രതാപ് പോത്തൻ ചെയ്‍ത് 12 സിനിമകളില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട ‘ഒരു യാത്രമൊഴി’യും ഉള്‍പ്പെടുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ കോട്ടയം പ്രദീപും 2022 ഫെബ്രുവരി 17ന് വിടവാങ്ങി. ഹൃദയാഘാതത്തിന്റെ രൂപത്തിലായിരുന്നു കോട്ടയം പ്രദീപിനെ മരണം തട്ടിയെടുത്തത്. വിവിധ ഭാഷകളിലായി കോട്ടയം പ്രദീപ് എഴുപതിലേറെ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘ആമേൻ, ‘വടക്കൻ സെല്‍ഫി’, ‘സെവൻത് ഡേ’, ‘പെരുച്ചാഴി’, ‘എന്നും എപ്പോഴും’, ‘ആട് ഒരു ഭീകരജീവി’, ‘അമര്‍ അക്ബര്‍ അന്തോണി’, ‘അടി കപ്യാരേ കൂട്ടമണി’, ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. തമിഴില്‍ ‘രാജാ റാണി’, ‘നൻപനട’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായ ‘വൈശാലി’യുടെ നിര്‍മാതാവ് അറ്റ്‍ലസ് രാമചന്ദ്രനും 2022ല്‍ വിടവാങ്ങി. അറബിക്കഥ അടക്കമുള്ള ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ അഭിനാതാവായും തിളങ്ങിയ പ്രമുഖ വ്യാപാരി കൂടിയായ അറ്റ്‍ലസ് രാമചന്ദ്രൻ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്.

കവിയും നോവലിസ്റ്റുമായ ടി പി രാജീവനും 2022ല്‍ മടങ്ങി. ടി പി രാജീവിന്റെ പാലേരി മാണിക്കം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, കെടിഎൻ കോട്ടൂര്‍: എഴുത്തും ജീവിതവും എന്നി നോവലുകള്‍ സിനിമയായിട്ടുണ്ട്.

നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക റാവു വൃക്ക രോഗത്തെ തുടര്‍ന്ന് ജൂണ്‍ 26ന് അന്തരിച്ചു. ‘കുംബളങ്ങി നൈറ്റ്‍സ്’ എന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷം ചെയ്‍തിരുന്നു. യുവ ഛായാഗ്രാഹകൻമാരില്‍ ശ്രദ്ധേയനായ പപ്പുവും 2022 ലാണ് മരിച്ചത് .

‘താഴ്വാരം’ എന്ന ചിത്രത്തില്‍ മോഹൻലാലിന്റെ തോളൊപ്പം നിന്ന പ്രതിനായകനായ സലിം അഹമ്മദ് ഘൗസും 2022ല്‍ വിടവാങ്ങി. നാടകത്തിലൂടെ പ്രതിഭ തെളിയിച്ചായിരുന്നു സലിം അഹമ്മദ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ‘താഴ്‍വാര’ത്തിനു പുറമേ ‘ഉടയോൻ’ എന്ന മലയാള ചിത്രത്തിലും സലിം അഭിനയിച്ചിട്ടുണ്ട്. ‘ദ്രോഹി’, ‘സോള്‍ജ്യര്‍’, ‘അക്സ്”, ‘ഇന്ത്യൻ’, ‘വെട്രി വീഴാ’, ‘തിരുടാ തിരുട’ തുടങ്ങി ഒട്ടേറേ ഹിറ്റ് ചിത്രങ്ങളില്‍ സലിം വേഷമിട്ടിട്ടുണ്ട്.

തെലുങ്കിന്റെ സൂപ്പര്‍സ്റ്റാര്‍ കൃഷ്‍ണയുടെ മരണവും രാജ്യത്തിന്റെ തീരാനഷ്‍ടമായി. തീപ്പൊരി ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമായി ഒരു കാലത്ത് തെലുങ്ക് സിനിമയെ ഭരിച്ച കൃഷ്‍ണ 350ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ അച്ഛനുമാണ് അന്തരിച്ച കൃഷ്‍ണ. ബോക്സോഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച അനവധി ചിത്രങ്ങളില്‍ അഭിനയിച്ച കൃഷ്‍ണയെ തേടി മികച്ച നടനുള്ള സംസ്ഥാന ദേശീയ പുരസ്‍കാരങ്ങളും സമഗ്ര സംഭവാനയക്കുള്ള ഫിലിം ഫെയര്‍ പുസ്‍കാരവും എത്തിയിട്ടുണ്ട്.

പുതുവർഷത്തിലേക്ക് കാലെടുത്തുവയ്ക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുകയാണ് മലയാളിയുടെ പ്രിയപ്പെട്ട കൊച്ചുപ്രേമൻ യാത്രയായത് . ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഡിസംബര്‍ മൂന്നിനായിരുന്നു കൊച്ചു പ്രേമന്റെ മരണം സംഭവിച്ചത്. അരങ്ങിലൂടെ സ്വന്തം പ്രതിഭ മിനുക്കിയ ശേഷം വെള്ളിത്തിരയില്‍ തിളങ്ങിയ അഭിനേതാക്കള്‍ക്കൊപ്പമാണ് കൊച്ചു പ്രേമന്റെയും ഇരിപ്പിടം. ഹാസ്യ വേഷങ്ങളിലൂടെയായിരുന്നു കൊച്ചു പ്രേമൻ മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്.