പ്രളയത്തിന്റെ മറവിൽ അയ്യപ്പഭക്തരെ പിഴിഞ്ഞെടുക്കാൻ അനുവദിക്കില്ല; കെ.പി.ശശികല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രളയത്തിന്റെ മറവിൽ അയ്യപ്പഭക്തരെ പിഴിഞ്ഞെടുക്കാൻ അനുവദിക്കില്ലെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. പമ്പയിലെ പുനർ നിർമാണ പ്രവർത്തനങ്ങളോടു ദേവസ്വം ബോർഡിന് അവഗണനയാണെന്നു കുറ്റപ്പെടുത്തി ഹിന്ദുഐക്യവേദി നടത്തിയ ബോർഡ് ആസ്ഥാന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മണ്ഡലകാലം ആരംഭിക്കാൻ 59 ദിവസം മാത്രം ശേഷിക്കേ ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. പ്രളയത്തിൽ നശിച്ച പമ്പയിലെ നിർമാണ പ്രവർത്തനത്തിനു ടാറ്റാ കൺസൽറ്റൻസിയെ ഏൽപിച്ചെങ്കിലും മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടില്ല. നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് 40 രൂപയാണ് കെഎസ്ആർടിസി ഈടാക്കുന്നത്. ലോകത്തൊന്നും ഇല്ലാത്ത ചാർജ് ഈടാക്കുമ്പോൾ ദേവസ്വം ബോർഡ് മൗനം പാലിക്കുകയാണ്. യൂണിയനുകൾ ഭരിച്ചു നഷ്ടം വരുത്തിയ കെഎസ്ആർടിസിയെ രക്ഷിക്കാൻ ഭക്തരെ ബലിയാടാക്കാൻ അനുവദിക്കില്ല. പമ്പയുടെ പുനരുദ്ധാരണം സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്താതെ അയ്യപ്പൻ നോക്കും എന്നാണു മുഖ്യമന്ത്രി പറയുന്നത്. അങ്ങനെ എങ്കിൽ ശബരിമലയിൽ ഭക്തർ നിക്ഷേപിക്കുന്ന കോടിക്കണക്കിനു രൂപയും അയ്യപ്പൻ നോക്കിക്കൊള്ളും. നിലയ്ക്കലിൽ നിന്നു പമ്പയിലേക്കുള്ള കെഎസ്ആർടിസി നിരക്ക് കുറച്ചില്ലെങ്കിൽ ബോർഡ് പകരം സംവിധാനം ഒരുക്കണമെന്നും ശശികല ആവശ്യപ്പെട്ടു.