തേർഡ് ഐ ക്രൈം
കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗം നടന്ന ഫ്‌ളാറ്റിൽ പെൺകുട്ടികളെ അടക്കം എത്തിച്ചത് സോഷ്യൽ മീഡിയയിലെ പ്രണയക്കെണിയിലൂടെയെന്നു സൂചന. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികളെ ഇവിടെ എത്തിച്ചിരുന്ന വൻ സെക്‌സ്‌റാക്കറ്റിനെപ്പറ്റിയുള്ള സൂചനകളാണ് ഇപ്പോൾ കൂട്ടബലാത്സംഗക്കേസിലൂടെ പുറത്തു വന്നിരിക്കുന്നതെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ സൂചന.
കൊല്ലത്തെ യുവതി കൂട്ടബലാത്സംഗത്തിനിരയായ കോഴിക്കോട്ടെ ഫ്ളാറ്റിൽ ഒരു മാസത്തിനുള്ളിൽ താമസിച്ചത് 100 ഓളം പേരാണെന്നു കണ്ടെത്തിയതാണ് ഇതിൽ ഏറെ നിർണ്ണായകമായിരിക്കുന്നത്. ഇതിൽ അധികവും വിദ്യാർത്ഥികളാണെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേവരമ്പലം രാരുക്കിട്ടി ഫ്ളാറ്റിലാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ്, അജ്നാസ്, ഫഹദ് എന്നിവരാണ് പ്രതികൾ. ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബുധനാഴ്ച കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും കൂട്ടുപ്രതി ഫഹദും കൂടി കാറിൽ കയറ്റി ഫ്ളാറ്റിലെത്തിക്കുകയും അജ്നാസ് യുവതിയെ ശാരീരികമായി പീഢിപ്പിക്കുകയുമായിരുന്നു.
പിന്നീട് തൊട്ടടുത്ത മുറിയിൽ കാത്തിരുന്ന മൂന്നും നാലും പ്രതികളെ മുറിയിലേക്ക് വിളിച്ചു വരുത്തിയ യുവതിക്ക് ബലമായി മദ്യവും ലഹരിവസ്തുക്കളും നൽകി പീഡിപ്പിച്ചു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.
യുവതിക്ക് ഗുരുതരമായ പരിക്കേൽക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടു. മെഡിക്കൽ കോളെജിലെ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്.
പ്രതികളെ പിന്നീട് കക്കയം വനമേഖലയിലെ ഒരു രഹസ്യകേന്ദ്രത്തിൽ നിന്നും കണ്ടെത്തി. പൊലീസിന് ആക്രമിച്ച് പ്രതികൾ ഉൾവനത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. ഒടുവിൽ സാഹസികമായാണ് പ്രതികളെ പിടികൂടിയത്.
ഈ കേസിലെ പ്രതികളെ ശനിയാഴ്ച അറസ്റ്റ് ചെയ്ത രണ്ട് കൂട്ടുപ്രതികളോടൊപ്പം പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. ഇതേ തുടർന്ന് ബിജെപി പ്രതിഷേധ പ്രകടനം നടത്തി.
ഫ്ളാറ്റ് പൂട്ടണമെന്ന ആവശ്യമുയർത്തി പ്രതിഷേധിച്ച ബിജെപി പ്രവർത്തകർ പ്രതികളെ വളഞ്ഞു. പിന്നീട് പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ മോചിപ്പിച്ചത്. ഫ്ളാറ്റിന്റെ പ്രവർത്തനത്തിൽ ദുരൂഹത തിരിച്ചറിഞ്ഞ പൊലീസ് ഫ്ളാറ്റ് അടച്ചുപൂട്ടി.