കോഴിക്കോട് വാഹനാപകടം ; ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേൽ സന്തോഷിന്‍റെ മകൻ സന്ദീപ് ആണ് മരിച്ചത്. സന്ദീപിന്‍റെ കൂടെ ബൈക്കിലുണ്ടായിരുന്ന കരോട്ടുപാറ സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടരഞ്ഞി കള്ളുഷാപ്പിന് സമീപം ഡ്യൂക്ക് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ ബുള്ളറ്റ് യാത്രികനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ യുവാക്കളെ ഉടൻ തന്നെ നാട്ടുകാർ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും സന്ദീപിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവോണദിനത്തില്‍ കോട്ടൂളിയില്‍ നടന്ന മറ്റൊരു വാഹനാപകടത്തിലും ഒരു യുവാവ് മരണപ്പെട്ടു . പെരുവയൽ കട്ടയാട്ട് ക്ഷേത്രത്തിന് സമീപം കൂടത്തിങ്ങൽ നെരോത്ത് അശ്വിൻ (21) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ റോഡ് അരികിൽ കിടന്ന പൈപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് കോട്ടുളിക്കടുത്ത് പറയഞ്ചേരിയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
അശ്വിൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടി റോഡരികിലെ പൈപ്പിൽ ഇടിക്കുകയായിരുന്നു. അശ്വിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്വിനൊപ്പം കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.