അതിരാണി ഇനി കോഴിക്കോടിന്റെ ഔദ്യോഗിക പുഷ്പം;ജില്ലയുടെ ഔദ്യോഗിക ജൈവ വിഭവങ്ങൾ പ്രഖ്യാപിച്ച് ജില്ലാ പഞ്ചായത്ത്

Spread the love

കോഴിക്കോട്: ജില്ലയുടെ ഔദ്യോഗിക ജൈവ വിഭവങ്ങൾ പ്രഖ്യാപിച്ച് ജില്ലാ പഞ്ചായത്ത്.അതിരാണി (മെലസ്ടൊമ മലബത്രികം) ഇനി ജില്ലയുടെ ഔദ്യോഗിക പുഷ്പം. മേനിപ്പൊൻമാൻ (സെയിക്സ് എരിതാക്ക) പക്ഷിയും ഈയ്യകം(ഹോപ്പിയ ഇറോസ) വൃക്ഷവും.
മലബാർ റോസിനെ( പാച്ച്ലിയോപ്ട പാണ്ടിയാന) ചിത്രശലഭമായും ഈന്തിനെ (സയ്ക്കാസ് സിർസിനാലിസ്) പാരമ്പര്യ വൃക്ഷമായും നീർനായയെ (ലുട്‌റോഗാലെ പെർസ്പിസില്ലാറ്റ) ജല മൃഗമായും പ്രഖ്യാപിച്ചു. പാതാളപ്പൂന്താരകനാണ് (പാൻചിയോ ഭൂചിയ) ജില്ലയുടെ മത്സ്യം. ഈനാംപേച്ചിയെ( മാനിസ് ക്രാസികൗഡാറ്റ) മൃഗമായും തിരഞ്ഞെടുത്തു.

ഭൂഗർഭ മത്സ്യമാണ് പാതാള പൂന്താരകൻ. ഇൽ ലോച്ച് (പൂന്താരകൻ) വർഗത്തിൽപെടുന്നവയാണിവ. ജില്ലയിലെ ചേരിഞ്ചാലിൽ 6 മീറ്റർ ആഴമുള്ള കിണറ്റിലാണിതിനെ കണ്ടെത്തിയത്. തെക്കു–കിഴക്ക് ഏഷ്യൻ രാജ്യങ്ങളിൽ കുത്തൊഴുക്കുള്ള ശുദ്ധജല അരുവികളിലാണ് ഇത്തരം മത്സ്യങ്ങൾ കാണപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയിലും ആനമലയിലും വയനാട്ടിലും കണ്ടുവരുന്ന അതീവവംശനാശഭീഷണിയുള്ള ഒരു തദ്ദേശീയ വൃക്ഷമാണ് ഈയ്യകം.

സംസ്ഥാനത്തെ ആദ്യത്തെ ജനകീയ ജൈവവൈവിധ്യ പ്രഖ്യാപനമാണ് കോഴിക്കോട് നടന്നത്. ജില്ലാ ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റിയും ജില്ലാ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയും സംയുക്തമായാണ് ജില്ലയുടെ സ്വന്തം പൂവിനേയും പക്ഷിയേയുമെല്ലാം പ്രഖ്യാപിച്ചത്.ജില്ലയുടേതായ പ്രത്യേകതകൾ കണ്ടെത്തി പ്രഖ്യാപിക്കുന്നതിലൂടെ വംശനാശഭീഷണി നേരിടുന്ന സ്പീഷീസുകളെ സംരക്ഷിക്കുക എന്നതു കൂടി ഇതിലൂടെ ലക്ഷ്യമിടുന്നു.വനം, വന്യജീവി സംരക്ഷണ മന്ത്രി എ.കെ ശശീന്ദ്രൻ പ്രഖ്യാപന ചടങ്ങ് ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ പ്രദേശത്തെയും വിവിധ ആവാസ വ്യവസ്ഥകൾ, പരമ്പരാഗത ഇനങ്ങൾ, അറിവുകൾ, സംരക്ഷണ പ്രദേശങ്ങൾ, ജൈവ വിഭവങ്ങൾ എന്നിവയെല്ലാം ഇതിലൂടെ രേഖപ്പെടുത്തപ്പെടും. ജില്ലയുടെ സമ്പന്നമായ ജൈവവൈവിധ്യത്തിനും പ്രകൃതി പൈതൃകത്തിനും തെളിവാകുന്ന രേഖയായിരിക്കും ഈ കണ്ടെത്തൽ.