കോഴിക്കോട് കോർപ്പറേഷന് എതിരായി യൂത്ത് കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരപരിപാടിയില്‍ നിന്ന് ചാണ്ടി ഉമ്മൻ വിട്ടു നിന്നു: സ്ഥലത്തുണ്ടായിട്ടും പരിപാടിക്ക് എത്തിയില്ല: ഗ്രൂപ്പ് പോര് എന്ന് ആരോപണം.

Spread the love

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ തലപൊക്കി ഗ്രൂപ്പ് പോര്. കോഴിക്കോട് കോർപ്പറേഷന് എതിരായി യൂത്ത് കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരപരിപാടിയില്‍ നിന്ന് ചാണ്ടി ഉമ്മൻ വിട്ടു നിന്നു.

ഉദ്ഘാടകനായി നിശ്ചയിച്ച പരിപാടിയില്‍ നിന്നാണ് ചാണ്ടി ഉമ്മൻ വിട്ടുനിന്നത്. ചാണ്ടി ഉമ്മൻ വിട്ടുനിന്നതിന് പിന്നില്‍ ഗ്രൂപ്പ് താത്പര്യമാണെന്നാണ് വിവരം.
യൂത്ത് കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മറ്റി പ്രസിഡന്റ് എ ഗ്രൂപ്പുകാരനായതിനാല്‍ സിദ്ദിഖ് വിഭാഗം ഇടപെട്ട് ചാണ്ടി ഉമ്മനെ പരിപാടിയില്‍ പങ്കെടുക്കുന്നത് വിലക്കിയെന്നാണ് ആരോപണം.

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോർപ്പറേഷനെതിരെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ശോഭ കെടുത്തുന്നതാണ് ചാണ്ടിയുടെ നടപടി എന്നും ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതി നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയില്‍ നിന്ന് വിട്ടുനിന്നതോടെ ചാണ്ടി ഉമ്മനെതിരെ പരസ്യപ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാർ രംഗത്ത് എത്തി. കോഴിക്കോട് ഉണ്ടായിട്ടും ഡിസിസി പ്രസിഡന്റ് നേരിട്ട് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് പരിപാടിയില്‍ പങ്കെടുത്തില്ല എന്ന കാര്യത്തില്‍ ചാണ്ടി ഉമ്മനോട് വിശദീകരണം തേടുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.

കോർപ്പറേഷനെതിരായി നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടി മാതൃകാപരമാണ് അതില്‍ പങ്കെടുക്കണമെന്ന് ഇന്നു രാവിലെയും ആവശ്യപ്പെട്ടെന്നും പ്രവീണ്‍ കുമാർ പറഞ്ഞു. എംഎല്‍എ വിട്ടുനിന്നത് ബോധപൂർവ്വം എന്നുകരുതുന്നില്ല. എന്നാല്‍ ബോധപൂർവ്വം എങ്കില്‍ ആ നടപടി തെറ്റാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
കോർപ്പറേഷന് എതിരായി വീട് കയറിയുള്ള ഗൃഹസമ്പർക്ക യാത്രയാണ് യൂത്ത് കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി നടത്തുന്നത്.

ഈ മാസം ഒന്നുമുതല്‍ നടക്കുന്ന പരിപാടിയില്‍ പല നേതാക്കളും പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ ഈ പരിപാടിയില്‍ ഉദ്ഘാടകനായി നിശ്ചയിച്ചത് ചാണ്ടി ഉമ്മനെയായിരുന്നു. കോഴിക്കോട് ജില്ലയില്‍ വിവിധ പരിപാടികള്‍ ഉള്ള ചാണ്ടി ഉമ്മൻ പുലർച്ചെ തന്നെ ജില്ലയില്‍ എത്തുകയും ചെയ്തിരുന്നു. 7.30 ന് തീരുമാനിച്ച പരിപാടിയില്‍ ചാണ്ടി ഉമ്മൻ എത്താത്തതിനെ തുടർന്ന് നേതാക്കള്‍ ഇടപെട്ട് പങ്കെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ചാണ്ടി വിട്ടുനിന്നു.