
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ കോഴിക്കോട് കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയുടെ വിവരങ്ങൾ പുറത്ത്.
വലിയങ്ങാടിയിലെ ഈ കെട്ടിടം അപകടാവസ്ഥയിലാണെന്നും ലേലത്തിന് അനുയോജ്യമല്ലെന്നും കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം 2024 ഒക്ടോബർ 30-ന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ചാണ് കെട്ടിടത്തിലെ കടകൾക്കും ഗോഡൗണുകൾക്കും ലൈസൻസ് പുതുക്കിനൽകിയത്.
എൻജിനീയറിങ് വിഭാഗം നൽകിയ റിപ്പോർട്ട് റെവന്യൂ, ധനകാര്യ വകുപ്പുകൾക്കും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്കും കൈമാറിയിരുന്നു. റിപ്പോർട്ട് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നിട്ടും ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കാതെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അനാസ്ഥ കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിടം അപകടകരമാണെന്ന് ബോധ്യപ്പെട്ടിട്ടും അവിടെയുള്ള കടമുറികൾ ഒഴിപ്പിക്കാനോ ലേല നടപടികൾ നിർത്തിവെക്കാനോ കോർപ്പറേഷൻ തയ്യാറായില്ല. പുതിയ ഗോഡൗണുകൾക്കും അനുമതി നൽകി. നിലവിലുള്ള വ്യാപാരികൾക്ക് എല്ലാ വർഷവും ലൈസൻസ് പുതുക്കിനൽകുകയും അവരിൽനിന്ന് കൃത്യമായി വാടക ഈടാക്കുകയും ചെയ്തു.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം മൂന്നുവർഷംമുൻപ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല.



