
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും.വ്യാഴാഴ്ച രാവിലെ എട്ടുമണി മുതലാണ് രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങുക.
ടോള്‍പിരിവിനുള്ള എല്ലാ സംവിധാനങ്ങളും പൂര്‍ണസജ്ജമാണെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ പ്രശാന്ത് ദുബെ അറിയിച്ചു. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ടോള്‍പിരിവില്‍ ഒട്ടേറെ ഇളവുകളുണ്ട്. 24-മണിക്കൂറിനകം ഇരുഭാഗത്തേക്കും പോവുന്ന വാഹനത്തിന് മടക്കയാത്രയില്‍ ടോള്‍നിരക്കില്‍ 25 ശതമാനം കിഴിവുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുമാസം അന്‍പത് തുടര്‍ച്ചയായ യാത്ര നടത്തുന്ന വാഹനത്തിന് ടോള്‍നിരക്കില്‍ 33 ശതമാനവും കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ചെയ്ത നാഷണല്‍ പെര്‍മിറ്റ് അല്ലാത്ത കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് 50 ശതമാനവും ഇളവുണ്ട്.
ടോള്‍പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് 340 രൂപയുടെ പാസ് നല്‍കുന്നുണ്ട്. ചൊവ്വാഴ്ച 25 പാസുകള്‍ നല്‍കിയതായി ദേശീയപാത അതോറിറ്റി അറിയിച്ചു.
മൂവായിരം രൂപയുടെ ഫാസ്ടാഗ് എടുത്താല്‍ ഒരുവര്‍ഷം 200 യാത്രകള്‍ നടത്താം. ചൊവ്വാഴ്ച രാവിലെ പാസിന്റെകാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു.
ടോള്‍പിരിവ് തുടങ്ങിയശേഷമേ നല്‍കിത്തുടങ്ങൂ എന്നാണ് രാവിലെ ടോള്‍പ്ലാസയില്‍ അന്വേഷിച്ചെത്തിയവരോട് നടത്തിപ്പുകാര്‍ പറഞ്ഞത്.
28.4 കിലോമീറ്ററാണ് കോഴിക്കോട് ബൈപ്പാസ്. ഇരുപത് കിലോമീറ്റര്‍ പരിധി വരുമ്പോള്‍ വെങ്ങളംവരെയുള്ള ദേശീയപാതയുടെ ഭാഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടും



