
കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്ത് ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വീട് തകര്‍ന്നു. ഇവിടെ തനിച്ച് താമസിച്ചിരുന്ന വയോധിക തലനാരിഴയ്ക്ക് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തോട്ടുമുക്കം തരിയോട് ചക്കനാനിയില്‍ മറിയാമ്മ(72)യുടെ വീടാണ് തകര്‍ന്നത്. അടുക്കളയില്‍ പാചകം പൂര്‍ത്തിയായ ശേഷം പ്രാര്‍ത്ഥിക്കുന്നതിനായി വീടിന്‍റെ മുൻവശത്തെ വരാന്തയിൽ വന്നിരുന്നതായിരുന്നു മറിയാമ്മ. വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ തൊട്ടുപിന്നിൽ മേല്‍ക്കൂരയൊന്നാകെ പൊട്ടിവീഴുന്നതാണ് കണ്ടത്.
ഉടന്‍ തന്നെ മുറ്റത്തേക്ക് ചാടിയതിനാലാണ് മറിയാമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സമീപത്തെ വീട്ടില്‍ കല്ല്യാണം നടക്കുന്നതിനാല്‍ നാട്ടുകാരെല്ലാം അവിടെയുണ്ടായിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പിന്നീട് ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. മറിയാമ്മയെ പിന്നീട് ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡീഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഒഡിഷക്ക് മുകളിൽ കരകയറി. കേരളത്തിൽ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group