
കോഴിക്കോട്: വടകര ഏറാമല തുരുത്തിമുക്കിൽ കോൺഗ്രസ് ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. പൊലീസ് സാന്നിധ്യത്തിലാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. ഏറാമലയിലെ കോൺഗ്രസ് ഓഫിസായ ഇന്ദിരാ ഭവനു നേരെ ശനിയാഴ്ച രാത്രി 9.30 ന് ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് തുരുത്തിമുക്കിലെ കോൺഗ്രസ് ഓഫിസിനു നേരെയും ആക്രമണം ഉണ്ടായത്.
വോട്ടെണ്ണൽ ദിനത്തിലായിരുന്നു നൂറ്റിയമ്പതോളം പേരുടെ ആക്രമണം നടന്നത്. അരക്കിലോമീറ്ററോളം പ്രദേശത്ത് കോൺഗ്രസ് ഓഫിസും ലീഗിന്റെ നിരവധി ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ ആരോപണം.
തുരുത്തിമുക്കിലെ ഇന്ദിരാഗാന്ധി സ്തൂപവും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും സ്ഫോടകവസ്തു എറിഞ്ഞും അടിച്ചുമാണ് തകർത്തത്. ആക്രമികൾ ഓഫിസ് ആക്രമണം നടത്തുമ്പോൾ സമീപത്ത് പൊലീസ് വാഹനം കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വടവും മറ്റും ഉപയോഗിച്ച് കാത്തിരിപ്പു കേന്ദ്രങ്ങളും മറ്റും തകർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അക്രമം നടത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാനാകുന്നതിലും ഏറെയായതാണ് സംഘർഷം തുടരാനിടയാക്കിയത് എന്നാണ് സൂചന. ഏറാമലയിലെ വോട്ടെടുപ്പ് ഫലവുമായി ബന്ധപ്പെട്ടാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്.



