അടുക്കള കൈകാര്യം ചെയ്യാൻ ഭയം ; ഊട്ടുപുരയിൽ കാവലിരിക്കേണ്ടി വന്നു ; കലോത്സവങ്ങളിൽ പാചകത്തിനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി
സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പാചകത്തിന് ഇനിയില്ലെന്ന്
പഴയിടം മോഹനൻ നമ്പൂതിരി.
ഇത്തവണയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പഴയിടത്തിന്റെ തീരുമാനം. കോഴിക്കോടുണ്ടായ സംഭവങ്ങൾ തന്നെ അസ്വസ്ഥനാക്കിയെന്നും അടുക്കളയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആശങ്കയുണ്ടെന്നും പഴയിടം പറഞ്ഞു.
നോൺ വെജ് വിവാദങ്ങൾക്ക് പിന്നിൽ ലോബിയിംഗ് നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു . വിവാദങ്ങള്‍ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നു. ഊട്ടുപുരയില്‍ രാത്രിയില്‍ കാവലിരിക്കേണ്ട സാഹചര്യം ഉണ്ടായിയെന്നും പഴയിടം പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോബിയിംഗിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്ന് പഴയിടം മോഹനൻ നമ്പൂതിരി, സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നിൽ മാംസ ഭക്ഷണമാണെന്നും കൂട്ടിച്ചേര്‍ത്തു. സർക്കാർ പദ്ധതികളിൽ നിന്ന് പിന്മാറുകയാണെന്നും ദേശീയ ശാസ്ത്രമേളയിൽ നിന്ന് പിന്മാറിയെന്നും അദ്ദേഹം അറിയിച്ചു.
സ്കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി.
കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവന്‍ കുട്ടി വ്യക്തമാക്കിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു.