യുകെയിൽ നിന്ന് വന്നയാൾക്ക് കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചു; ഒമിക്രോൺ എന്ന് സംശയം; സ്രവം പരിശോധനയ്ക്ക്
സ്വന്തം ലേഖകൻ
കോഴിക്കോട് : രാജ്യത്ത് ഒമൈക്രോൺ ആശങ്ക നിലനിൽക്കേ, യുകെയിൽ നിന്ന് വന്നയാൾക്ക് കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായി കോഴിക്കോട് ഡിഎംഒ അറിയിച്ചു.
21ന് യുകെയിൽ നിന്ന് വന്നയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ അമ്മയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്. ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായും ഡിഎംഒ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾക്ക് നാലുജില്ലകളിൽ സമ്പർക്കമുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവരെയെല്ലാം കണ്ടെത്തി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും ഡിഎംഒ അറിയിച്ചു.
ബീച്ച് ആശുപത്രിയിൽ വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒമൈക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്രവം ജനിതക ശ്രേണീകരണ പരിശോധനയ്ക്കായി അയച്ചതായും ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, തമിഴ്‌നാട്ടിലെത്തിയ രണ്ട് അന്താരാഷ്ട്ര യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.എന്നാൽ ഇവ ഒമിക്രോൺ കേസുകളാണെന്ന റിപ്പോർട്ടുകൾ സംസ്ഥാന സർക്കാർ നിഷേധിച്ചു. പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ ഒമിക്രോൺ ആണോയെന്ന് സ്ഥിരീകരിക്കാനാകുവെന്ന് ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യൻ അറിയിച്ചു. സമൂഹമാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യാത്രക്കാരിൽ ഒരാൾ സിംഗപ്പൂരിൽ നിന്നും, മറ്റൊരാൾ കുടുംബത്തോടൊപ്പം യു കെയിൽ നിന്നുമാണ് എത്തിയതെന്ന് മന്ത്രി പറഞ്ഞു. ഇവരുടെ സ്രവ സാമ്പിളുകൾ ജനിതക ക്രമ പരിശോധനയ്ക്കായി അയച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ജനിതക ക്രമ പരിശോധനയിലൂടെയാണ് ഒമിക്രോൺ സ്ഥിരീകരിക്കുന്നത്.
രാവിലെ മൂന്നരയ്ക്കാണ് സിംഗപ്പൂരിൽ നിന്നുള്ള യാത്രക്കാരൻ തിരുച്ചിറപ്പള്ളിയിൽ എത്തിയത്. കൊവിഡ് സ്ഥിരീകരിച്ച ഇയാളെ നിരീക്ഷണത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. യാത്രക്കാരോട് സമ്പർക്കത്തിലുണ്ടായിരുന്നവരുടെ സ്രവ സാമ്പിളുകളും പരിശോധിച്ചു.