സ്കൂളിൽ കൊണ്ടുപോകുന്ന വഴി ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ; സംഭവം കോഴിക്കോട്

Spread the love

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ സ്കൂളില്‍ കൊണ്ടു പോകുന്ന വഴി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോടാണ് സംഭവം. വളയനാട് സ്വദേശി ഹരിദാസനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലേക്ക് പോകുന്ന വഴിയാണ് ഓട്ടോറിക്ഷയില്‍ വെച്ച് ഹരിദാസന്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു രക്ഷിതാവ് ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ അബദ്ധത്തില്‍ കോള്‍ അറ്റന്‍റ് ചെയ്തതാണ് വഴിത്തിരിവായത്.

പെണ്‍കുട്ടി കരയുന്ന ശബ്ദം കേട്ട രക്ഷിതാവ് വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവം സ്കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചതിനു പിന്നാലെ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കാര്യം ഇയാള്‍ പൊലീസിനോട് പറഞ്ഞത്.