കോഴിക്കോട്:കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജിൽ വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതി. സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരമുള്ള തുക വൈകിയതിനെ തുടർന്നാണ് വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാതിരുന്നത് . ഫണ്ട് വൈകുന്നതിന്റെ പേരിൽ പഠന സൗകര്യങ്ങൾ നിഷേധിക്കരുതെന്ന സർക്കാർ നിർദേശവും ഇവർ അവഗണിക്കുന്നതായും പരാതിയുണ്ട് .
ഒഇസി പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വഴിയുള്ള തുക സർക്കാരിൽ നിന്ന് വൈകിയതിന്റെ പേരിലാണ് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം നിഷേധിച്ചത്. മണാശ്ശേരിയിലെ കെഎംസിടി മെഡിക്കൽ
കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന മൂന്ന് പെൺകുട്ടികളെ ഇന്റേൺസ് ഹോസ്റ്റലിൽ പ്രവേശിപ്പിച്ചില്ല. എറണാകുളം, തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥിനികൾ ബാഗും മറ്റുമായി ഹോസ്റ്റലിൽ എത്തിയെങ്കിലും പുറത്ത് നിർത്തുകയാണ് ചെയ്തത്.
ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഉടൻ കോളജിന് ലഭിക്കുമെന്നും പിന്നോക്ക വികസന ഓഫീസിലെ ഉദ്യോഗസ്ഥർ കോളജ് അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ കാര്യമുണ്ടായില്ല. വലിയ പ്രതിഷേധം ഉണ്ടായതോടെ ഇന്നലെ വൈകീട്ടാണ് താത്കാലികമായി മറ്റൊരു സംവിധാനം ഏർപ്പാടാക്കിയത്. എന്നാൽ പ്രശ്നത്തെ കുറിച്ച് പ്രതികരിക്കാൻ കോളജ് അധികൃതർ തയ്യാറായില്ല. ഇതോടെ പഠനം തന്നെ മുടങ്ങുമോയെന്ന ആശങ്കയിലാണ് വിദ്യാർത്ഥിനികൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group