കോഴിക്കോട്: മൂന്ന് മണിക്കുര്‍ സമയമായിട്ടും കോഴിക്കോട് നഗരമധ്യത്തിലെ മൊഫ്യൂസല്‍ ബസ്റ്റാന്‍ഡ് എന്ന പുതിയ ബസ്റ്റാന്‍ഡ് നിന്ന് കത്തുന്നത്, നമ്മുടെ സുരക്ഷാസംവിധാനങ്ങളെ ഒന്നടങ്കം വെല്ലുവിളിക്കയാണ്, കോഴിക്കോടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപ്പിടുത്തമായി മാറിയിരിക്കയാണ് ഇത്.
വൈകീട്ട് അഞ്ചുമണിയോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തീപ്പിടുത്തം, രാത്രി എട്ടുമണിയായിട്ടും അണക്കാന്‍ കഴിഞ്ഞിട്ടില്ല. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയുടെ ഗോഡൗണിനാണ് ആദ്യം തീപിടിച്ചത്.
തുടര്‍ന്ന് മറ്റ് കടകളിലേക്കും അഗ്‌നി വ്യാപിക്കുകയായിരുന്നു. കടയിലും ബില്‍ഡിങ്ങിലും ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ്സുകളും സുരക്ഷിത സ്ഥാനക്കേക്ക്മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച അല്ലായിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടാവുമായിരുന്നുവെന്നാണ് പരിസരത്തെ വ്യാപാരികള്‍ പറയുന്നത്. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവന്‍ തീ വിഴുങ്ങിയിരിക്കയാണ്. കെട്ടിടത്തിനകത്തുളള ഡ്രസ് മെറ്റീരിയലുകള്‍ കത്തി താഴേക്ക് വീണു.
ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. നഗരം മുഴുവന്‍ പുക പടരുന്ന സാഹചര്യമാണുളളത്. കോഴിക്കാട് നഗരത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കയാണ്.
അനാസ്ഥവരുത്തിയ ദുരന്തം
ഇത്രയും സമയംമായിട്ടും തീ അണക്കാന്‍ ഫയര്‍ഫോഴ്സിന് കഴിയാത്തത്, വിവാദങ്ങള്‍ക്കും ഇടയാക്കുകയാണ്. ഫയര്‍ഫോഴ്സിന്റെ കൈവശം ആവശ്യമായ വെളളമില്ലെന്നാണ് കച്ചവടക്കാര്‍ ആരോപിക്കുന്നത്.
ഫയര്‍ഫോഴ്സ് അണച്ച ഭാഗത്ത് വീണ്ടും തീ കത്തുകയാണെന്നാണ് ആരോപണം. വെളളിമാടുകുന്ന്, ബീച്ച്, മീഞ്ചന്ത, മുക്കം, കരിപ്പുര്‍ എന്നിവടങ്ങളില്‍നിന്ന് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പുറത്തെ തീ മാത്രം അണയ്ക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്. ഉളളില്‍ തീ പടര്‍ന്ന് പിടിക്കുകയാണ്.
അതേസമയം കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള കെട്ടിടത്തില്‍ കടകളുടെയും ഗോഡൗണുകളുടെയും നിര്‍മ്മാണം തീര്‍ത്തും അശാസ്ത്രീയമായാണ് നിര്‍മ്മിച്ചത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവിടെ യാതൊരു തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ല.
അടുത്തടുത്തുള്ള തുണിക്കടകളില്‍ ഒരു ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ പോലും ഉണ്ടായിരുന്നില്ല. എമര്‍ജന്‍സി എക്സിറ്റ്പോലുള്ള ഒരു സംവിധാനവും കെട്ടിടത്തിലില്ല. ആളപായം ഒഴിഞ്ഞത് ഭാഗ്യം കൊണ്ട്മാത്രമാണെന്നാണ് പ്രാഥമിക നിഗമനം.
ബസ്റ്റാന്‍ഡിലാവട്ടെ വെള്ളം എടുക്കാനുള്ള സംവിധാനമില്ല. നഗരമധ്യത്തിലെ ബസ്റ്റാന്‍ഡും ഷോപ്പിങ്് കോംപ്ലക്സുമടക്കമുള്ള ഇത്രയും ജനത്തിരക്കുള്ള ഒരു സ്ഥലത്ത്, ഫയര്‍ഫോഴ്സിന് വെള്ളമെടുക്കാനുള്ള സംവിധാനം ഇതുവരെയും സ്ഥാപിച്ചിട്ടില്ല.
ഇന്ന് ഫ്ളാറ്റുകളില്‍ പോലുമുള്ളതാണ് ഈ സംവിധാനം. ഇത്രയും ഗുരുതരമായ സാഹചര്യം എന്തുകൊണ്ട് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്ന ചോദ്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
പരസ്യബോര്‍ഡുകള്‍ തോന്നിയേപോലെ ഉണ്ടാക്കിവെച്ചരിക്കുന്നതും ഇപ്പോള്‍ വിനയായിരിക്കയാണ്.
അകത്തുനിന്നുള്ളത് മുഴുവന്‍ കത്തിയതിനുശേഷമാണ് ഫയര്‍ഫോഴ്സ് അടിക്കുന്ന വെള്ളം എത്തുക.
ഷട്ടറുകളും ഷീറ്റുകളും തോന്നിയപോലെ ഇട്ടതും ഫയര്‍ഫോഴ്സിന് തടസ്സമായി. വയറിങ്ങ് സംവിധാനവും തോന്നിയപോലെയാണ്. ഇതും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ കാര്യങ്ങള്‍ വഷളാക്കും. ചുരുക്കത്തില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ തോന്നിയപോലെ കടമുറികള്‍ പണിതതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന് പറയാം.
ഇതെല്ലാം പരിശോധിക്കാന്‍ ചുമതലയുള്ള കോര്‍പ്പറേഷന്‍ എന്തുചെയ്യുകയായിരുന്നുവെന്നും ചോദ്യം ഉയരുന്നുണ്ട്. സിപിഎം മേയര്‍ ബീനാഫിലിപ്പ് അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. ഇതുവരെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് അകത്ത് കടക്കാന്‍ കഴിഞ്ഞിട്ടില്ല.