‘കാലിന് വിരലില്ലാത്തതിനാൽ ചേട്ടന് നിൽക്കാൻ പ്രയാസമാണ്; കസേരയിട്ട് അവിടെ ഇരുത്തി; ആന വിരണ്ട സമയത്ത് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല’; മരിച്ച കൊയിലാണ്ടി സ്വദേശി രാജന്റെ സഹോദരൻ

Spread the love

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് മൂന്നു പേര്‍ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മരിച്ച രാജന്റെ സഹോദരൻ. ചേട്ടനൊപ്പം മൂന്നരയോടെയാണ് ക്ഷേത്രത്തിലേക്ക് പോയതെന്നും കാലിന് വിരലില്ലാത്തെ ചേട്ടന് ആന വിരണ്ട സമയത്ത് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും രാജന്റെ സഹോദരൻ പറഞ്ഞു.

ഇന്നലെയാണ് ആനയിടഞ്ഞ് മൂന്നുപേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

ഞാനും ചേട്ടനും കൂടി ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് അമ്പലത്തിലേക്ക് പോയത്. ചേട്ടന് കാലിന് ഒരു വിരലില്ല. അതുകൊണ്ടു തന്നെ നിൽക്കാൻ പ്രയാസമാണ്. കസേരയിട്ട് അവിടെ ഇരുത്തുകയായിരുന്നു. ഞാനിപ്പുറത്തും ഇരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേട്ടൻ ആനയുടെ ഫോട്ടോ എടുക്കുകയായിരുന്നു. അപ്പോഴാണ് പിറകിലെ ആന മുന്നിലെ ആനയെ കുത്തിയത്. ആന വിരണ്ടുനിന്ന് രണ്ടും കൂടി കുത്തുകൂടി ദേവസ്വം ഓഫീസിൻ്റെ അങ്ങോട്ട് വരികയും ചെയ്തു. ഞാൻ പടിഞ്ഞാറോട്ട് ഓടിയെങ്കിലും ചേട്ടൻ വീണുപോവുകയായിരുന്നു. പിന്നീട് വന്നുനോക്കുമ്പോൾ ചേട്ടനെ കാണുന്നില്ലായിരുന്നു.

തെരച്ചിലിലാണ് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ചേട്ടൻ കിടക്കുന്നത് കണ്ടെത്തിയത്. ചേട്ടനെ എഴുന്നേൽപ്പിച്ച് വെള്ളമൊക്കെ കൊടുത്തിരുന്നു. അപ്പോഴേക്കും ബിപി താഴ്ന്നുപോയിരുന്നു -രാജന്റെ സഹോദരൻ പറഞ്ഞു.

എഴുന്നളളത്തിന് കൊണ്ടുവന്ന ആനകള്‍ തമ്മിലുളള ഏറ്റമുട്ടിലിനിടെ ക്ഷേത്രത്തിന്‍റെ ഓഫീസ് തകര്‍ന്ന് വീണും ആനയുടെ ചവിട്ടേറ്റുമാണ് മൂന്ന് പേര്‍ മരിച്ചത്. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. ആനകള്‍ തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ ഓഫീസ് തകര്‍ന്നു വീണതാണ് അപകടത്തിന്‍റെ ആഘാതം കൂട്ടിയത്. ഓഫീസ് കെട്ടിടം തകര്‍ന്ന് അതിന്‍റെ അടിയിലകപ്പെട്ടവര്‍ക്ക് എഴുന്നേറ്റ് പോകാനായിരുന്നില്ല. ഇവരിൽ ചിലരെ ആന തിരിഞ്ഞോടുന്നതിനിടെ ചവിട്ടി. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇന്നലെ വൈകിട്ട് ആറ് മണിയോടൊയിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമുളള ദുരന്തം അരങ്ങേറിയത്. ഉത്സവത്തിന്‍റെ അവസാന ദിവസത്തെ ചടങ്ങുകളുടെ ഭാഗമായുളള വരവിനായി ആനകളെ തിടമ്പേറ്റുമ്പോഴായിരുന്നു അപകടം. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇട‌ഞ്ഞത്. വരവിന് മുന്നോടിയായി കതിന പൊട്ടിച്ചതോടെ വിരണ്ട പീതാംബരന്‍ ഗോകുലിനെ കുത്തുകയായിരുന്നു.

കുത്തേറ്റ ഗോകുല്‍ പീതാംബരനു നേരെ തിരഞ്ഞതോടെ ഭഗവതീ ക്ഷേത്രത്തിന് മുന്നിൽ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ ക്ഷേത്രത്തിന്‍റെ ഓഫീസ് തകര്‍ന്ന് വീണു. ഗോകുലിന്‍റെ കുത്തേറ്റ് ഓഫീസിലേക്ക് പീതാംബരൻ ഇടിച്ചുകയറുകയായിരുന്നു.

ക്ഷേത്രം ഓഫീസിന് മുന്നില്‍ എഴുന്നളളത്ത് കാണാനായി ഇരിക്കുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ മുകളിലേക്ക് കെട്ടിടാവശിഷ്ടങ്ങള്‍ വീണതോടെ എഴുന്നേൽക്കാനായില്ല. ഇതോടെ ആനയുടെ ചവിട്ടേറ്റു. എഴുന്നേൽക്കാൻ ശ്രമിച്ചവരെയും ആന തട്ടിയിട്ടു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്.

ഇതിനിടെ, കൊമ്പുകോര്‍ത്തശേഷം തിരിഞ്ഞോടിയ ആനകളുടെ മുന്നിൽ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയയ നിരവധി പേര്‍ക്ക് തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റു.

പരിക്കേറ്റവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സാരമായി പരിക്കേറ്റവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്കോടിയ ആനകളെ പ്രധാന റോഡില്‍ എത്തും മുമ്പ് തന്നെ പാപ്പാന്‍മാര്‍ തളച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.