നിപ സ്ഥിരീകരണം; കോഴിക്കോട് 7 പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു; ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി; രോഗവ്യാപനം മുന്നില്‍ക്കണ്ട് കര്‍ശന നിയന്ത്രണം
കോഴിക്കോട്: നിപ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. രോഗവ്യാപനം മുന്നില്‍ക്കണ്ട് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സമീപ ജില്ലകളും ആരോഗ്യ മുന്നറിയിപ്പ്
അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തിലാണ് എന്നാണ് വിവരം. ബിഡിഎസ് വിദ്യാര്‍ത്ഥിയെയാണ് പനിയോടെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കും. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.
കണ്ടെയ്ൻമെന്റ് മേഖലകള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,20 വാര്‍ഡുകള്‍, കുറ്റിയാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9 വാര്‍ഡുകള്‍, വില്യപ്പളളി ഗ്രാമപഞ്ചായത്തിലെ 6,7 വാര്‍ഡുകള്‍, കാവിലും പാറ ഗ്രാമപഞ്ചായത്ത് 2,10,11,12,13,14,15,16 വാര്‍ഡുകള്‍ എന്നിവയാണ് കണ്ടെയ്ൻമെന്റ് മേഖലകളായി തിരിച്ചിരിക്കുന്നത്.
മാര്‍ഗനിര്‍ദേശങ്ങള്‍
പ്രധാന കണ്ടെയ്ൻമെന്റ് സോണുകളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഈ വാര്‍ഡുകളില്‍ കര്‍ശനമായ ബാരികേഡിംഗ് നടത്തണമെന്നാണ് നിര്‍ദേശം. കൂടാതെ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമേ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ തുറന്നുപ്രവര്‍ത്തിക്കാവു. മരുന്ന് ഷോപ്പ്, ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമയപരിധിയില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് പ്രവൃത്തിക്കണം. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല ബാങ്കുകള്‍,സ്‌കൂളുകള്‍,അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ മറിച്ചൊരു നിര്‍ദേശം ലഭിക്കുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. 0തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വില്ലേജുകളും ഓണ്‍ലൈൻ സേവനം പ്രോത്സാഹിപ്പിക്കുന്നത് വഴി പൊതുജനം എത്തുന്നത് പരമാവധി തടയണം.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക് ,സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുമാണ്. കൂടാതെ കണ്ടെയ്ൻമെന്റ് സോണുകളിലേയ്ക്കുള്ള പൊതുപ്രവേശനമാര്‍ഗങ്ങളിലൂടെയുള്ള ഗതാഗതം നിരോധിക്കും.
നാഷണല്‍ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ ഒരിടത്തും വാഹനം നിര്‍ത്താന്‍ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും നല്‍കണമെന്നും നിര്‍ദേശമുണ്ട്.