നാലുപേർ ഒരുമിച്ച് കയറിയാൽ അസഭ്യം; നിർത്താതെ ശകാരവും; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പരാതിയുമായി വിദ്യാർത്ഥികൾ

Spread the love

കോഴിക്കോട്: സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് – അടിവാരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബെറ്റര്‍ലൈന്‍സ് എന്ന ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് വ്യാപക പരാതി ഉയര്‍ന്നത്. വിദ്യാര്‍ത്ഥിനികളോട് അസഭ്യവാക്കുകള്‍ ഉപയോഗിച്ച് സംസാരിച്ചുവെന്നാണ് കുട്ടികള്‍ പറയുന്നത്. സ്‌കൂള്‍ യൂനിഫോമില്‍ കണ്‍സക്ഷന്‍ കാര്‍ഡ് സഹിതം ബസ്സില്‍ കയറിയവര്‍ക്കാണ് ദുരനുഭവമുണ്ടായത്.

കഴിഞ്ഞ ദിവസം വൈകീട്ട് 5.15 ന് ആയിരുന്നു കുട്ടികള്‍ മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ നിന്നും താമരശ്ശേരിയിലേക്ക് ബസ്സില്‍ കയറിയത്. മറ്റേതെങ്കിലും ബസ്സില്‍ കയറിയാല്‍ പോരെയെന്ന് ചോദിച്ചായിരുന്നു ഇയാള്‍ ശകാരം ആരംഭിച്ചതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പതിവായി സമാനരീതിയിലാണ് ഇയാള്‍ പെരുമാറാറുള്ളതെന്നും അവര്‍ സൂചിപ്പിച്ചു. പല സമയത്തും വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ ഡോര്‍ തുറക്കാന്‍ മടി കാണിക്കുന്നതായും പരാതിയുണ്ട്. നാലുപേര്‍ ഒന്നിച്ച് ബസ്സില്‍ കയറുന്നതാണ് കണ്ടക്ടറെ ചൊടിപ്പിക്കുന്നത്.