കോഴിക്കോട് സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയത് ആറുവര്‍ഷം മുന്‍പ് കാണാതായ വെസ്റ്റ്ഹില്‍ സ്വദേശിയായ യുവാവിൻറെ അസ്ഥികള്‍; സുഹൃത്തുക്കൾ അറസ്റ്റിൽ

Spread the love

കോഴിക്കോട്: സരോവരത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയ അസ്ഥികള്‍ ആറുവര്‍ഷം മുന്‍പ് കാണാതായ വെസ്റ്റ്ഹിൽ സ്വദേശി വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചു.

video
play-sharp-fill

2019 മാര്‍ച്ചിലാണ് വെസ്റ്റ്ഹില്‍ സ്വദേശി വിജിലിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മാര്‍ച്ച് 29-നാണ് എലത്തൂര്‍ പോലീസ് വിജിലിന്റെ തിരോധാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്തത്. മിസിങ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് അന്വേഷണം നിലച്ചു.

ഇപ്പോള്‍ വരാമെന്ന് അമ്മയോട് പറഞ്ഞാണ് 2019 മാര്‍ച്ച് 24-ന് രാവിലെ വിജില്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. സുഹൃത്തിൻറെ ഫോൺ കോൾ വന്നതിനു പിന്നാലെ വീട്ടിൽ ധരിക്കുന്ന വസ്ത്രം ധരിച്ച് ബൈക്കിൽ പോവുക. എവിടെ പോകുന്നു എന്ന് ചോദ്യത്തിന് ഉടൻ വരാം എന്നായിരുന്നു മറുപടി. പിന്നീട് രണ്ട് തവണ വിളിച്ചപ്പോഴും ഉടന്‍ വരാമെന്നു തന്നെയായിരുന്നു പറഞ്ഞത്. എന്നാൽ രാത്രിയായതോടെ ഫോൺ സ്വിച്ച് ഓഫ് ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശങ്കയിലായെങ്കിലും മുന്‍പൊരിക്കല്‍ വീട്ടില്‍ പറയാതെ മുംബൈയില്‍ പോയി മടങ്ങിവന്ന വിജില്‍ അത് പോലെ യാത്രപോയിക്കാണുമെന്നാണ് കുടുംബം കരുതി. മൂന്ന് ദിവസം കഴിഞ്ഞിട്ടും വിവരങ്ങൾ ഇല്ലാതായതോടെ പിതാവ് പരാതിയുമായി എലത്തൂര്‍ സ്റ്റേഷനിലെത്തി. മാൻ മിസിങ് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല. അതിനിടെ പോലീസ് ഉദ്യോഗസ്ഥരും പലതവണ മാറി.

ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് വീണ്ടും പൊടിതട്ടിയെടുത്തതോടെയാണ് അന്വേഷണം വിജിലിന്റെ സുഹൃത്തുക്കളിലേക്ക് എത്തിയത്. വിജിലിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. വിജിലിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ സരോവരമാണെന്നും ഇതേസമയം വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും രഞ്ജിത്തും ദീപേഷും അവിടെ ഉണ്ടായിരുന്നെന്നും ടവര്‍ ലൊക്കേഷന്‍ പരിശോധനയിലൂടെ പോലീസ് കണ്ടെത്തി.

അമിതമായ ലഹരി ഉപയോഗത്തിനിടെ വിജില്‍ മരിച്ചെന്നും പിന്നാലെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടെന്നുമാണ് സുഹൃത്തുക്കളായ കെ.കെ. നിഖില്‍, ദീപേഷ് എന്നിവര്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ അസ്ഥികള്‍ കണ്ടെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നിഖിലിനെയും ദീപേഷിനെയും വീണ്ടും ചോദ്യംചെയ്തു.

മാര്‍ച്ച് 24-ന് സുഹൃത്തുക്കളായ നിഖിലിനും രഞ്ജിത്തിനും ദീപേഷിനും ഒപ്പം സരോവരത്ത് എത്തിയ വിജില്‍ അവിടെവെച്ച് അവര്‍ക്കൊപ്പം ബ്രൗണ്‍ ഷുഗര്‍ ഉപയോഗിച്ചെന്നാണ് പോലീസ് പറയുന്നത്. വിജിലിന്റെ കൈയില്‍ മയക്കുമരുന്ന് കുത്തിവെച്ചുവെന്നും പ്രതികള്‍ നല്‍കിയ മൊഴിയിലുണ്ട്. അല്പസമയം കഴിഞ്ഞു വിജില്‍ കുഴഞ്ഞുവീണെന്നും ലഹരിവിടുമ്പോള്‍ പോകുമെന്ന് കരുതി സ്ഥലത്ത് നിന്നുപോയി എന്നുമാണ് പ്രതികളുടെ മൊഴി. പിറ്റേന്ന് സ്ഥലത്തെത്തിയപ്പോള്‍ മരിച്ചു കിടക്കുന്ന വിജിലിനെയാണ് കണ്ടത്. സത്യം പുറത്തറിയാതിരിക്കാന്‍ മൂവരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാനും മൃതദേഹം കുഴിച്ചുമൂടാനും പദ്ധതിയിട്ടു. വിജിലിനെ ചതുപ്പിലൂടെ വലിച്ചിഴച്ച് ചവിട്ടിത്താഴ്ത്തുകയും മൃതദേഹം പൊങ്ങി വരാതിരിക്കാൻ സമീപത്തെ വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങളില്‍നിന്നും കല്ലുകള്‍ എടുത്ത് ശരീരത്തില്‍ കെട്ടുകയും ചെയ്തു.

പിന്നീട് വിജില്‍ നാട് വിട്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വിജിലിന്റെ ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. വിജിലിനെ കുഴിച്ചുമൂടി എട്ട് മാസങ്ങള്‍ക്ക് ശേഷം അസ്ഥികള്‍ ശേഖരിച്ച് വരക്കല്‍ കടപ്പുറത്തുവെച്ച് ശേഷക്രിയ ചെയ്തിരുന്നതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

പ്രതികളെ കോടതിയില്‍ ഹാജരാക്കിയ അന്നുതന്നെ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം മൂന്ന് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് ഒന്നാം പ്രതി നിഖിലുമായി കല്ലായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പോലീസ് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് പ്രതികള്‍ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് കണ്ടെടുത്തു. അടുത്ത ദിവസം മുതല്‍ വിജിലിനെ കുഴിച്ചുമൂടിയ സരോവരത്ത് പരിശോധന തുടങ്ങി. എന്നാല്‍, കനത്ത മഴ ചതുപ്പിലെ പരിശോധനയ്ക്ക് തടസ്സമായി. കസ്റ്റഡി സമയം അവസാനിച്ചതോടെ പ്രതികളെ തിരിച്ച് നല്‍കി.

പിന്നീട് അന്‍പത് മീറ്ററിലധികം ദൂരത്തെ ചെളിയും കല്ലും മരത്തടികളും കോരിമാറ്റി പരിശോധിച്ചു. പോലീസ്, ഫയര്‍ഫോഴ്സ്, മണ്ണ് മാന്തി യന്ത്രങ്ങള്‍, കഡാവര്‍ നായകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട വലിയൊരു സംഘം നടത്തിയ തിരച്ചിലില്‍ 53 അസ്ഥിഭാഗങ്ങള്‍, വസ്ത്രത്തിന്റെ അവശിഷ്ടങ്ങള്‍, കെട്ടിത്താഴ്ത്തിയ കല്ലുകള്‍, കയറുകള്‍ എന്നിവ കണ്ടെത്തി. കണ്ണൂര്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് അസ്ഥികള്‍ വിജിലിന്റേതാണെന്ന് കണ്ടെത്തിയത്.