
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് വിതരണം ഒറ്റകേന്ദ്രത്തിലേക്ക് ; ദുരിതത്തിലായി രോഗികൾ, പനിച്ചുവിറച്ച് മഴനനഞ്ഞ് ഒ.പി ടിക്കറ്റ് എടുക്കേണ്ട അവസ്ഥ
കോഴിക്കോട് : ബീച്ച് ആശുപത്രിയില്‍ ഒ.പി. ടിക്കറ്റ് വിതരണം ഒറ്റ കേന്ദ്രത്തിലേക്ക് മാറ്റിയതോടെ പനിച്ചുവിറച്ച് മഴനനഞ്ഞ് ഒ.പി ടിക്കറ്റ് എടുക്കേണ്ട ഗതികേടിലായി രോഗികള്‍.
ബീച്ച് ആശുപത്രിക്ക് മുന്നിലെ ഒ.പി ടിക്കറ്റ് കൗണ്ടർ തിങ്കളാഴ്ചമുതലാണ് പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്.
നേരത്തെ ഇ.എൻ.ടി. ഉള്‍പ്പെടെ ചില വിഭാഗത്തിലുള്ള ഒ.പി ടിക്കറ്റ് മാത്രം നല്‍കിയിരുന്ന സ്ഥലത്തേക്കാണ് മുഴുവൻ വിഭാഗത്തിലെയും കൗണ്ടറുകള്‍ മാറ്റിയത്. ഇവിടുത്തെ സ്ഥലപരിമിതിമൂലം ദുരിതത്തിലായത് രോഗികളാണ്. പെരുംമഴയത്തും ചെളിവെള്ളത്തില്‍ ചവിട്ടി കുടചൂടി നില്‍ക്കുകയാണ് കുട്ടികളും പ്രായമായവരും ഗർഭിണികളും ഉള്‍പ്പെടെയുള്ള രോഗികള്‍. 500-ല്‍ അധികം രോഗികളാണ് മഴ നനഞ്ഞ് ഒ.പി. ടിക്കറ്റ് എടുക്കാനായി നില്‍ക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്ത ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികളെ മഴയത്ത് നിർത്തുന്നത് ഒഴിവാക്കാൻ എത്രയും പെട്ടെന്ന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം. ഒ.പി. ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്നും മഴനനയാതെ കാത്തുനില്‍ക്കാനുള്ള സംവിധാനം ഒരുക്കണമെന്നും രോഗികള്‍ പറയുന്നു.
മുഴുവൻ ചികിത്സാ വിഭാഗങ്ങളുടെയും ഒ.പി. ടിക്കറ്റുകളും ഈ ഹെല്‍ത്ത് പോർട്ടലിലേക്ക് മാറിയതിൻ്റെ പേരിലാണ് ആശുപത്രിക്ക് മുന്നിലെ പഴയ കൗണ്ടർ അടച്ചു പൂട്ടിയതെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി. എന്നാല്‍, രോഗികള്‍ മഴനനയാതിരിക്കാൻ എന്ത് നടപടി എന്നതില്‍ ആർക്കും മറുപടിയില്ല. ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പരിഷ്കാരത്തിന് നിർധനരായ തങ്ങളെ എന്തിന് കഷ്ടപ്പെടുത്തുന്നു എന്നാണ് രോഗികള്‍ ചോദിക്കുന്നത്.