
ആസിഡ് കൊണ്ടുവന്നത് ഫ്ലാസ്കിൽ നിറച്ച്; പോലീസിൽ പരാതി നൽകി മടുത്തു; കഴിഞ്ഞയാഴ്ച വീട്ടിലെത്തി, വീട്ടിൽ നടക്കുന്ന സംഭാഷണങ്ങൾ ഒളിഞ്ഞു നിന്നു കേട്ടു; എയർ ഹോളിലൂടെ മകളുടെ ഫോട്ടോ എടുത്തു; കോഴിക്കോട് മുൻ ഭർത്താവിൻ്റെ ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ അമ്മ
കോഴിക്കോട്: കോഴിക്കോട് ആസിഡ് ആക്രമണം ഉണ്ടാവുന്നതിന് മുമ്പ് നിരവധി തവണ പൊലീസിൽ പരാതി നൽകിയെന്നും പരാതി പറഞ്ഞ് മടുത്തെന്നും കുടുംബം. മുൻ ഭർത്താവ് ആയ പ്രശാന്ത് കഴിഞ്ഞ ആഴ്ച വീട്ടിലെത്തിയെന്നും വീട്ടിൽ നടക്കുന്ന സംഭാഷണങ്ങൾ ഒളിഞ്ഞുനിന്ന് കേട്ടുവെന്നും അമ്മ പറഞ്ഞു. വീടിന്റെ എയർഹോളിലൂടെ മകളുടെ ഫോട്ടോ എടുത്തെന്നും അമ്മ പ്രതികരിച്ചു.
കൊല്ലുമെന്ന് നിരവധി തവണ പ്രശാന്ത് ഭീഷണിപ്പെടുത്തിയിരുന്നു. ഫ്ലാസ്കിൽ ആസിഡ് നിറച്ചാണ് പ്രശാന്ത് എത്തിയതെന്നും അമ്മ പറഞ്ഞു. ഇന്നലെ പ്രശാന്ത് യുവതി ചികിത്സയിൽ കഴിയുന്ന ആയുർവേദ ആശുപത്രിയിൽ എത്തിയത് ആസിഡ് ഫ്ലാസ്കിൽ നിറച്ചായിരുന്നു.
സംസാരിക്കുന്നതിനിടെ ആസിഡ് മുഖത്ത് ഒഴിക്കുകയായിരുന്നു. അതേസമയം,ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മുഖത്തും നെഞ്ചിനും പൊള്ളലേറ്റ പൂനത്ത് സ്വദേശി പ്രവിഷ നിലവിൽ ബേൺ ഐസിയുവിലാണ്. സംഭവത്തിന് ശേഷം മേപ്പയ്യൂർ സ്റ്റേഷനിൽ എത്തി കീഴടങ്ങിയ മുൻ ഭർത്താവ് പ്രശാന്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിക്കടിമയായ പ്രശാന്തിന്‍റെ ഉപദ്രവം സഹിക്കാനാകാതെ 3 വർഷം മുൻപാണ് പ്രവിഷ വിവാഹമോചനം തേടിയത്. വിവാഹമോചനത്തിന് മുന്പ് യുവതിയും വീട്ടുകാരും നൽകിയ പരാതികളിൽ ബാലുശ്ശേരി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ നിരവധി തവണ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് ഇന്നലെ പ്രവിഷയുടെ അമ്മ പ്രതികരിച്ചിരുന്നു.