ഡോക്ടർക്ക് വെട്ടേറ്റ സംഭവം; കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ സമരത്തിലേക്ക്; നാളെ പ്രതിഷേധ ദിനം ആചരിക്കും

Spread the love

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ. ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലേയും ഡോക്ടർമാർ അത്യാഹിത വിഭാഗമൊഴികെയുള്ള സേവനങ്ങൾ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങുമെന്ന് കെജിഎംഒഎ വ്യക്തമാക്കി.

ആശുപത്രികൾ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണം. എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റുകൾ അടിയന്തരമായി സ്ഥാപിക്കണമെന്നും ആശുപത്രികളുടെ സുരക്ഷാജോലിക്കായി സായുധരായ വിമുക്തഭടന്മാരെ നിയമിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരും സമൂഹവും പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണ്. തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആശുപത്രി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇതേവരെ യാഥാർത്ഥ്യമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർ വന്ദനാദാസിൻ്റെ കൊലപാതകത്തിന് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായിരുന്നു.

ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിക്കും, എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കും. തിരക്കുള്ള സമയത്ത് അത്യാഹിത വിഭാഗങ്ങളിൽ രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുമെന്നുമുള്ള വാഗ്ദാനങ്ങൾ ഇപ്പോഴും ജലരേഖയായി അവശേഷിക്കുകയാണ്.

ട്രയാജ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് 2021-ൽ തന്നെ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയെങ്കിലും ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും മാനവവിഭവശേഷിക്കുറവ് മൂലം കാര്യക്ഷമമായ ട്രയാജ് സംവിധാനം നടപ്പിലാക്കിയിട്ടില്ല.

ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഭാഗമായിട്ടുള്ള നിർദ്ദേശങ്ങൾ പലയിടത്തും യാഥാർത്ഥ്യമായിട്ടില്ല.

ഇതിന്റെ ഭാഗമായി വിമുക്തഭടന്മാരെ സുരക്ഷാ ജീവനക്കാരായി നിയമിക്കുന്നതിനും ആശുപത്രികളിൽ സിസിടിവികൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ടുകൾ വകയിരുത്തുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പലയിടത്തും പരാജയപ്പെടുന്നു.