
കോഴിക്കോട്: 2013-ല്‍ കോഴിക്കോട്ട് നടന്ന ഏഴുവയസ്സുകാരി അതിഥി എസ് നമ്പൂതിരിയുടെ കൊലപാതക കേസില്‍ പ്രതികളായ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയെയും രണ്ടാനമ്മ ദീപിക അന്തർജ്ജനത്തെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് നടക്കാവ് പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ ഇവരെ പിടികൂടിയത്. രാമനാട്ടുകരയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് പ്രതികള്‍ പിടിയിലായത്. കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷാവിധി ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രഖ്യാപിക്കും. കൊലപാതകക്കുറ്റം അനുസരിച്ചുള്ള ശിക്ഷയാണ് ഇന്ന് വിധിക്കുക.
2013 ഏപ്രില്‍ 23-നാണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അതിഥി മരണപ്പെട്ടത്. പൊള്ളലേറ്റതും മർദനമേറ്റതുമായ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പട്ടിണിക്കിട്ടും, ക്രൂരമായി മർദ്ദിച്ചും അച്ഛനും രണ്ടാനമ്മയും ചേർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. എന്നാല്‍, കേസിൻ്റെ ആദ്യഘട്ടത്തില്‍ കൊലപാതകം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, മർദ്ദനം എന്നീ കുറ്റങ്ങള്‍ മാത്രമാണ് കോഴിക്കോട് അഡീഷണല്‍ സെഷൻസ് കോടതിയില്‍ തെളിഞ്ഞത്. ഈ കുറ്റങ്ങള്‍ പ്രകാരം, പരമാവധി ശിക്ഷയായ മൂന്ന് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് അന്ന് ശിക്ഷ വിധിച്ചത്. ഈ വിധിക്ക് പിന്നാലെയാണ് കേസില്‍ കൊലപാതകക്കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടപെടുകയും മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കാൻ നിർദ്ദേശം നല്‍കുകയും ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



