play-sharp-fill
കോടികള്‍ ഒഴുക്കിയിട്ടും വന്യജീവി ശല്യത്തിനു കുറവില്ല; സംസ്ഥാനത്തെ രൂക്ഷമായ വന്യജീവി ശല്യത്തിന് അറുതിവരുത്താൻ കഴിയാത്തതിനെ തുടർന്ന് കേന്ദ്രത്തെ സമീപിക്കാൻ വനംവകുപ്പ്

കോടികള്‍ ഒഴുക്കിയിട്ടും വന്യജീവി ശല്യത്തിനു കുറവില്ല; സംസ്ഥാനത്തെ രൂക്ഷമായ വന്യജീവി ശല്യത്തിന് അറുതിവരുത്താൻ കഴിയാത്തതിനെ തുടർന്ന് കേന്ദ്രത്തെ സമീപിക്കാൻ വനംവകുപ്പ്

 

കോഴിക്കോട്: കോടികളുടെ പദ്ധതികള്‍ നടപ്പാക്കിയെന്നു അവകാശപ്പെടുമ്പോഴും സംസ്ഥാനത്തെ രൂക്ഷമായ വന്യജീവി ശല്യത്തിന് അറുതിവരുത്താൻ കഴിയാതെ വനംവകുപ്പ്.അതിനിടെ ഒരിക്കല്‍ കൈമലർത്തിയ കേന്ദ്ര സർക്കാരിനെ വീണ്ടും ഫണ്ടിനായി സമീപിക്കാൻ വനംവകുപ്പിന്‍റെ നീക്കം.

കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക എന്ന ഉദേശ്യത്തോടെ അഞ്ചുവർഷക്കാലയളവിലേക്കായി 620 കോടി രൂപയുടെ പദ്ധതി സംസ്ഥാന വനംവകുപ്പ് കേന്ദ്ര സർക്കാരിനു സമർപ്പിച്ചിരുന്നു. സംസ്ഥാന സർക്കാർ സ്വന്തമായി പണം കണ്ടെത്തി ശാസ്ത്രീയവും നൂതനവുമായ മാർഗങ്ങള്‍ നടപ്പാക്കണമെന്നായിരുന്നു കേന്ദ്രത്തിന്‍റെ പ്രതികരണം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാന വ്യതിയാന മന്ത്രി കഴിഞ്ഞവർഷം ജനുവരിയില്‍ സംസ്ഥാന സർക്കാരിനു കത്തയച്ചിരുന്നു.

 

സംസ്ഥാന സർക്കാരിന്‍റെ വിവിധ സ്കീമുകളിലൂടെയും വിഭവ സമാഹരണത്തിലൂടെയും വന്യജീവി ശല്യത്തിന് സുസ്ഥിരമായ പരിഹാര മാർഗം കാണണമെന്നു നിർദേശിച്ചു പദ്ധതി തള്ളിക്കളഞ്ഞ കേന്ദ്ര മന്ത്രാലയത്തിനു വീണ്ടും അതേ ആവശ്യമുന്നയിച്ച്‌ ഫണ്ട് അനുവദിക്കാൻ ശിപാർശ സമർപ്പിക്കുമെന്ന് അടുത്തിടെ വനംമന്ത്രി രേഖാമൂലം എംഎല്‍എമാരെ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വന്യജീവി ശല്യം തടയുന്നതില്‍ സർക്കാരിനു വീഴ്ച സംഭവിച്ചുവെന്ന ആരോപണം ശക്തമാകുന്നതിനിടെ ചെലവഴിച്ച കോടികളുടെ കണക്കാണ് വനംവകുപ്പ് നിരത്തുന്നത്. പക്ഷെ കോടികള്‍ ഒഴുക്കിയിട്ടും പ്രതിരോധങ്ങള്‍ മറികടന്ന് വന്യജീവികള്‍ നാട്ടിലാണ് വിലസുന്നത്.

 

ഈ സർക്കാർ അധികാരത്തില്‍ വന്നതിനു ശേഷം, വന്യജീവികള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നത് തടയാൻ 62.08 കോടി അനുവദിച്ചതില്‍ 57.15 കോടി ചെലവഴിച്ചുവെന്നാണ് വനംവകുപ്പിന്‍റെ കണക്ക്. ഇതിനു പുറമേ കേന്ദ്ര ഫണ്ടും വിനിയോഗിച്ചു.

 

വന്യജീവി ശല്യ പ്രതിരോധത്തിന് 2021-22 സാന്പത്തിക വർഷം കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച തുകയില്‍ 3.17 കോടി രൂപ സംസ്ഥാന സർക്കാരിന് അനുവദിച്ചിരുന്നു. ഇതില്‍ സംസ്ഥാനം 3.16 കോടി ചെലവഴിച്ചു. 2022-23 വർഷം 3.04 കോടി അനുവദിച്ചതില്‍ 2.43 കോടിയും ചെലവഴിച്ചു. 2023-24 വർഷം രണ്ടു ഗഡുക്കളായി 1.72 കോടിയാണ് കേന്ദ്രം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് രണ്ടാം ഗഡുവായ 86.39 ലക്ഷം കേന്ദ്രം അനുവദിച്ചത്.

 

അത് വിനിയോഗിച്ചുവരികയാണെന്നു വനംവകുപ്പ് അധികൃതർ പറയുന്നു. മനുഷ്യ-വന്യജീവി ശല്യം ലഘൂകരിക്കുന്നതിനും വനത്തിലുള്ള ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും അടക്കം 2021 മുതല്‍ 2023-24 വർഷം വരെ ഇതുവരെയായി 74.34 കോടിയും ചെലവഴിച്ചുവെന്ന് വനംവകുപ്പ് അവകാശപ്പെടുന്നു.