
ഓടിക്കൊണ്ടിരുന്ന ട്രെയിന് തീ വെച്ച സംഭവം; പ്രതി നോയിഡ സ്വദേശിയെന്ന് സൂചന..! അന്വേഷണത്തിന് 40 അംഗ സംഘം; എഡിജിപി എം ആര്‍ അജിത് കുമാര്‍ നേതൃത്വം നല്‍കും
സ്വന്തം ലേഖകൻ
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീ വെച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.40 അംഗ അന്വേഷണ സംഘമാണ് രൂപീകരിച്ചത്.ഇതില്‍ അഞ്ച് എസിപിമാരും എട്ടുസര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു.
പ്രതി ഉത്തരേന്ത്യക്കാരന്‍ തന്നെയാണെന്ന് പൊലീസ് നിഗമനത്തിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹി-യുപി അതിര്‍ത്തിയിലുള്ള ആളാണ് പ്രതിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍
പ്രതിയെ സംബന്ധിച്ച് നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് ഡിജിപി അനില്‍കാന്ത് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ പ്രതി പിടിയിലാകുമെന്നും ഡിജിപി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാക്കില്‍ നിന്നു കിട്ടിയ ബാഗില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ സിം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഈ ഫോണില്‍ ഏതൊക്കെ സിം ഉപയോഗിച്ചിരുന്നു എന്ന് പൊലീസ് പരിശോധിച്ചു.
അപ്പോഴാണ് ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ നിന്നുള്ള സിം ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.