
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. എളേറ്റില്‍ വട്ടോളി സ്വദേശിയായ 9 വയസുകാരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
കുട്ടിയുടെ പിതാവിന്‍റെ പരാതിയെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം തട്ടുകട അടപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ചതിന് പിന്നാലെയാണ് എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് അഷ്റഫിന്‍റെ മകള്‍ ഫാത്തിമക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചുണ്ടിന്‍റെ നിറം മാറി. വീട്ടിലെത്തിയതോടെ ഛര്‍ദിയും തുടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടി അവശ നിലയിലായതോടെ എളേറ്റില്‍ വട്ടോളി കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുഹമ്മദ് അഷ്റഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടപടി തുടങ്ങി. തട്ടുകട താത്കാലികമായി അടപ്പിച്ചു.
ഇവിടത്തെ ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കള്‍ ഉപ്പിലിടാന്‍ ഉപയോഗിച്ച ലായനിയിലെ ഗാഢത കൂടിയതോ മായം ചേര്‍ന്നതോ ആകാം ആരോഗ്യ പ്രശ്നത്തിന് കാരണമായതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.
ലൈസന്‍സ് എടുത്ത ആളിന് പകരം ഇതര സംസ്ഥാന തൊഴിലാളികളാണ് തട്ടുകട നടത്തിയിരുന്നതെന്ന് കോര്‍പ്പറേഷന്‍ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇത് നിയമവിരുദ്ധമായതിനാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.